
തിരുവനന്തപുരം: നേമം കോച്ചിങ്ങ് ടെർമിനൽ നിർമ്മാണം മരവിപ്പിച്ചിരിക്കുകയാണെന്ന് റെയിൽവേ മന്ത്രാലയം. പദ്ധതി താത്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്ന് കേന്ദ്ര റയിൽവേ മന്ത്രി പാർലമെന്റിൽ പറഞ്ഞു. ഡിപിആർ സമർപ്പിച്ചിരുന്നുവെങ്കിലും അത് പരിശോധിച്ച ശേഷം പദ്ധതിയുമായി മുന്നോട്ടു പോയില്ല. തിരുവനന്തപുരത്ത് ടെർമിനൽ വേണോ എന്ന് ദക്ഷിണ റെയിൽവേ വിശദമായ പഠനം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പഠനത്തിൻറെ റിപ്പോർട്ട് വന്നശേഷം മാത്രമാകും തുടർ തീരുമാനമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. നേരത്തെ കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ പദ്ധതി പൂർത്തിയാക്കും എന്ന് ഉറപ്പു കിട്ടിയതായി അറിയിച്ചിരുന്നു. ഈ ഉറപ്പാണ് ഇപ്പോൾ കേന്ദ്രം തള്ളിയത്. അതേസമയം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങൾ കെ റെയിൽ കോർപറേഷൻ നൽകിയിട്ടില്ലെന്ന് റെയിൽവെ മന്ത്രി പറഞ്ഞു. സിൽവർ ലൈനിന്റെ ഡി പി ആർ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സിൽവർ ലൈൻ പദ്ധതിയുടെ അനുമതിക്ക് കാലതാമസം ഉണ്ടാകുമോ എന്ന ചോദ്യത്തിന് റെയിൽവെ മന്ത്രാലയം മറുപടി പറഞ്ഞില്ല. സിപിഎം എംപി എളമരം കരീമിന്റെ ചോദ്യത്തിനായിരുന്നു അശ്വിനി വൈഷ്ണവിന്റെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam