ഭാവവ്യത്യാസമില്ലാതെ ചെന്താമര; പെട്ടെന്നുള്ള പ്രകോപനം സുധാകരനെ കൊല്ലാൻ കാരണമെന്ന് ചെന്താമരയുടെ മൊഴി

Published : Jan 29, 2025, 06:40 AM ISTUpdated : Jan 29, 2025, 10:23 AM IST
ഭാവവ്യത്യാസമില്ലാതെ ചെന്താമര; പെട്ടെന്നുള്ള പ്രകോപനം സുധാകരനെ കൊല്ലാൻ കാരണമെന്ന് ചെന്താമരയുടെ മൊഴി

Synopsis

പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരൻ്റെ കൊലപ്പെടുത്താൻ കാരണം. തലേ ദിവസം സുധാകരനുമായി തർക്കമുണ്ടായി. എൻ്റെ ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരൻ പറഞ്ഞു.

പാലക്കാട്: നാട്ടുകാരും പൊലീസും പല വട്ടം തെരച്ചിൽ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. ഡ്രോൺ പറഞ്ഞുന്നതും പൊലീസും നാട്ടകാരും തിരയുന്നതും കണ്ടു. ഇതെല്ലാം കണ്ട് കാട്ടിനുള്ളിൽ പതുങ്ങി ഇരുന്നുവെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഭാര്യ, മകൾ, മരുമകൻ ഉൾപ്പെടെ മൂന്നുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നൽകി. ഭാവവ്യത്യാസമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതകങ്ങളെ കുറിച്ച് വിവരിച്ചത്. 

പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരനെ കൊലപ്പെടുത്താൻ കാരണം. തലേ ദിവസം സുധാകരനുമായി തർക്കമുണ്ടായി. ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരൻ പറഞ്ഞു. ഇതോടെയാണ് സുധാകരനെ കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി.  കൊലയ്ക്ക് ശേഷം മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് ചെന്താമര പൊലീസിന്റെ വലയിലാകുന്നത്. തെരച്ചിൽ അവസാനിപ്പിച്ചെന്ന് വരുത്തിതീർത്ത പൊലീസ് ബുദ്ധിയും പ്രതിയെ പിടിക്കാൻ വഴിയൊരുക്കി. 

രാത്രി എട്ടുമണിയോടെയാണ് പോത്തുണ്ടിയിൽ ചെന്താമരയെ കണ്ടെന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുന്നത്. ഓടിമറഞ്ഞത് ചെന്താമരയാണെന്ന് ഒരു പൊലീസുകാരും ഉറപ്പിച്ച് പറഞ്ഞതോടെ നാടിളക്കി തെരച്ചിൽ തുടങ്ങി. കുറുവടികളുമായി നാട്ടുകാരും തെരച്ചിലിന്റെ ഭാഗമായി. ഒന്നരമണിക്കൂറിലേറെ തെരച്ചിൽ നീണ്ടിട്ടും ചെന്താമരയെ കണ്ടെത്താനായില്ല. ഇതോടെ ഇന്നത്തെ തെരച്ചിൽ നിർത്തുന്നുവെന്ന് പൊലീസിന്റെ അറിയിപ്പും വന്നു. 

രാത്രി 9.45 ഓടെ പൊലീസ് തെരച്ചിൽ അവസാനിപ്പിച്ചെന്ന് കരുതി ഭക്ഷണം തേടി ചെന്താമര പോത്തുണ്ടി മലയിറങ്ങി. കുടുംബവീട്ടിലെത്തി ഭക്ഷണവും കുറച്ച് ദിവസത്തേക്ക് ഭക്ഷണമുണ്ടാക്കി ഒളിവിൽ കഴിയാനുള്ള സാധനങ്ങളുമായി തിരികെ കാട് കയറാനായിരുന്നു ചെന്താമരയുടെ ലക്ഷ്യം. 2019ൽ കൊലപാതകം നടത്തിയ ശേഷവും ഒളിവിൽ പോയ ചെന്താമര വിശന്ന് വലഞ്ഞ് കുടുംബ വീട്ടിലെത്തിയപ്പോഴാണ് അന്നും പൊലീസ് പിടികൂടിയത്. ഇക്കാര്യം അറിയാവുന്ന പൊലീസ്, പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ കാത്തുനിന്നത് ചെന്താമര അറിഞ്ഞില്ല. വീടിന് സമീപത്തെ വയലിലൂടെ നടന്നുവരുമ്പോൾ പ്രതിയെ പൊലീസ് പിടികൂടി. ഓടാനോ ഒളിക്കാനോയുള്ള പ്രതിരോധിക്കാനോയുള്ള ശേഷി വിശപ്പിന്റെ കാഠിന്യത്തിൽ ചെന്താമരയ്ക്ക് ഇല്ലായിരുന്നു.

പത്തരയോടെ പ്രതി പിടിയിലായ വിവരം പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ നാട്ടുകാർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി. പ്രതിയെ തങ്ങൾക്ക് വിട്ടുനൽകണമെന്നും ‌‌ഞങ്ങൾ കൈകാര്യം ചെയ്യാമെന്നും ജനക്കൂട്ടം ആക്രോശിച്ചു. രോഷാകുലരായ നാട്ടുകാരെ പിരിച്ചുവിടാൻ പൊലീസ് പണിപ്പെട്ടു. ജനക്കൂട്ടത്തെ നിയന്ത്രിച്ച ശേഷം പ്രതിയെ നെൻമാറ സ്റ്റേഷനിലെത്തിച്ചു. അപ്പോഴും ഒട്ടും കുറ്റബോധമില്ലാത്ത ഭാവത്തിൽ തല ഉയർത്തി ചെന്താമര മാധ്യമങ്ങൾക്ക് മുന്നിലെത്തി. സ്റ്റേഷനിലെത്തിയ പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണം വേണമെന്നാണ്. നാല് ഇഡ്ഡിലയും ഓംബ്ലേറ്റും പൊലീസ് വാങ്ങി നൽകി. 

തന്റെ ഭാര്യ അടക്കം അഞ്ചുപേരെ കൊല്ലാനായിരുന്നു പദ്ധതിയെന്നും ഇനിയും മൂന്ന് പേർ ബാക്കിയുണ്ടെന്നും കൂസലില്ലാതെ പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ചെന്താമരയെ തൂക്കിക്കൊല്ലാതെ ‌ഞങ്ങൾക്ക് മനസമാധാനത്തോടെ ജീവിക്കാൻ കഴിയില്ലെന്ന് അറസ്റ്റിന് ശേഷം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ പ്രതികരിച്ചു. ഇരട്ടക്കൊലയ്ക്കു ശേഷം 36 മണിക്കൂർ ഒളിവിൽ കഴിഞ്ഞ ചെന്താമര ഒടുവിൽ വിശപ്പിന് മുന്നിൽ വീണുപോയെന്ന് പറയാം. വിശന്ന് വലഞ്ഞ് ഒളിത്താവളം വിടും വരെ പൊലീസിനും പ്രതിയെ പിടികൂടാനായില്ല എന്നത് വരും ദിവസങ്ങളിൽ ചർച്ചയാകും. പൊലീസിന് ഏറെ നാണക്കേടുണ്ടാക്കിയ കേസിൽ പ്രതിയെ ഇന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെടും. 

നെൻമാറ ഇരട്ടക്കൊലക്കേസ്; ജനരോഷം കടുത്തു, ചെന്താമരയെ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി, ഇന്ന് കോടതിയിൽ ഹാജരാക്കും

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം