നെൻമാറ ഇരട്ടക്കൊലപാതകം; പ്രതി പ്രദേശത്തുണ്ടെന്ന് സൂചന, രാത്രിയിലും നാട്ടുകാരും പൊലീസുമുൾപ്പെടെ തെരച്ചിൽ

Published : Jan 27, 2025, 11:49 PM ISTUpdated : Jan 27, 2025, 11:55 PM IST
നെൻമാറ ഇരട്ടക്കൊലപാതകം; പ്രതി പ്രദേശത്തുണ്ടെന്ന് സൂചന, രാത്രിയിലും നാട്ടുകാരും പൊലീസുമുൾപ്പെടെ തെരച്ചിൽ

Synopsis

ഈ പരിസരത്ത് പ്രതിയെ ഒരാൾ കണ്ടുവെന്നതിൻ്റെ അടിസ്ഥാനത്തിൽ 4 സംഘമായി തെരച്ചിൽ നടത്തുകയായിരുന്നുവെന്ന് നാട്ടുകാരൻ പറയുന്നു.

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതകക്കേസിൽ നെന്മാറയിൽ പ്രതി ചെന്താമരയ്ക്കായി തെരച്ചിൽ പുരോ​ഗമിക്കുന്നു. നൂറിലധികം നാട്ടുകാർ സംഘം ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. പ്രതി ഈ പ്രദേശത്തുണ്ട് എന്ന സൂചനയെ തുടർന്നാണ് നാട്ടുകാരും അന്വേഷണ സംഘത്തോടൊപ്പം ചേർന്നത്. ഈ പരിസരത്ത് പ്രതിയെ ഒരാൾ കണ്ടുവെന്നതിൻ്റെ അടിസ്ഥാനത്തിൽ 4 സംഘമായി തെരച്ചിൽ നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, പ്രതിയ്ക്കായി ഒരു കിലോമീറ്റർ അപ്പുറത്തേക്കായി തെരച്ചിൽ വ്യാപിപ്പിച്ചു. നേരം പുലരുന്നതോടെ പ്രതിയെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് രാവിലെയാണ് കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മകനേയും അമ്മയേയും വീട്ടിൽ കയറി കൊലപ്പെടുത്തിയത്.

അതേസമയം, നെൻമാറ ഇരട്ടക്കൊലപാതത്തിൽ പൊലീസിൻ്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ചയെന്നാണ് സംസ്ഥാന ഇൻ്ലിജൻസ് റിപ്പോർട്ട്. ജാമ്യവ്യവസ്ഥ ലംഘിച്ച് നെൻമാറ പഞ്ചായത്തിൽ പ്രവേശിച്ച ചെന്താമരയെ കൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ശാസിച്ച് വിട്ടത് പൊലീസിൻ്റെ വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വീഴ്ച്ചയുണ്ടായ സാഹചര്യത്തിൽ നൻമാറ പൊലീസിനെതിരെ നടപടി വന്നേക്കും. 2022 മെയ് മാസത്തിലാണ് പ്രതി ചെന്താമരാക്ഷാന് ജാമ്യം ലഭിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരിക്കേയായിരുന്നു ജാമ്യം തേടി പ്രതി കോടതിയിലെത്തിയത്. നെൻമാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം. പിന്നീട് ജാമ്യത്തിൽ ഇളവ് തേടി 2023 ൽ പ്രതി വീണ്ടും കോടതിയിൽ എത്തി. ഇതെ തുടർന്നാണ് നെൻമാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥ നവീകരിച്ചത്. എന്നാൽ ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പോത്തുണ്ടിയിലെ ബോയൻ കോളനിയിലെ വീട്ടിലെത്തിയത്. 

കഴിഞ്ഞ ഡിസംബർ 29 ന് പ്രതി വധഭീഷണി മുഴക്കുന്നുവെന്ന പരാതിയുമായി കൊല്ലപ്പെട്ട സുധാകരനും മകളും നെൻമാറ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. സുധാകരനും കുടുംബവും ചെന്താമരയ്ക്ക് എതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ല. ജാമ്യ വ്യവസ്ഥയുടെ ലംഘനത്തിൽ തുടർ നടപടിയും എടുത്തില്ല. താക്കീത് ചെയ്യലിൽ കൂടുതലൊന്നും ചെയ്തില്ലെന്ന കുറ്റസമ്മതവും പൊലീസ് നടത്തുണ്ട്. തങ്ങൾ നൽകിയ പരാതിയിൽ പൊലീസ് കൃത്യമായ നടപടി എടുത്തിരുന്നെങ്കിൽ അതിക്രൂരമായ ഇരട്ടക്കൊലപാതകം സംഭവിക്കില്ലായിരുന്നുവെന് നാട്ടുകാർ പറയുന്നു.

അതേസമയം, പ്രതി ചെന്താമരയുടെ വീട്ടിൽ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കൊലപ്പെടുത്താൻ ഉപയോ​ഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. കൊടുവാൾ കണ്ടെത്തിയതിന് തൊട്ടടുത്ത് നിന്നാണ് വിഷക്കുപ്പിയും കണ്ടെത്തിയത്. പകുതിയൊഴിഞ്ഞ നിലയിലാണ് കുപ്പി. പലവിധ നി​ഗമനങ്ങളിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. അതിലൊന്ന് ഒന്നുകിൽ കൃത്യത്തിന് ശേഷം പ്രതി കാട്ടിലേക്ക്  ഒളിച്ചുപോയിരിക്കാം. അല്ലെങ്കിൽ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാം. പൊലീസിന്റെ നി​ഗമനത്തിൽ മറ്റൊന്ന് വിഷം കഴി‍ച്ച് പ്രതി അടുത്ത പ്രദേശത്തെവിടെയെങ്കിലും കിടക്കുന്നുണ്ടാകാം എന്നാണ്. ഈ സംശയം മുൻനിർത്തിയാണ് പൊലീസ് സമീപപ്രദേശങ്ങളിലാകെ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

തിരിച്ചറിഞ്ഞാൽ ഒരു മണിക്കൂറിനകം വിവരം അറിയിക്കണമെന്ന് പൊലീസ്; ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പ്

https://www.youtube.com/watch?v=Ko18SgceYX8
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ