Review 2021 : 10 വർഷം മുമ്പ് കാണാതായ 19കാരി പുറംലോകം കണ്ട വർഷം, നിഗൂഢത അവസാനിക്കുന്നില്ല, 'ഒരു സ്വപ്നം ബാക്കി'

Web Desk   | Asianet News
Published : Dec 26, 2021, 08:35 PM ISTUpdated : Dec 26, 2021, 08:45 PM IST
Review 2021 : 10 വർഷം മുമ്പ് കാണാതായ 19കാരി പുറംലോകം കണ്ട വർഷം, നിഗൂഢത അവസാനിക്കുന്നില്ല, 'ഒരു സ്വപ്നം ബാക്കി'

Synopsis

'അവിശ്വസനീയം' ഒറ്റവാക്കിൽ മലയാളികളെല്ലാം ആ ജീവിത കഥയെ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു. പക്ഷേ പാലക്കാടിനപ്പുറം നെന്മാറയിൽ കാരയ്ക്കാട്ടുപറമ്പ് സ്വദേശികളായ സജിതയും റഹ്മാനും അത്രമേൽ അത്ഭുതകരമായ ജീവിതകഥയാണ് മലയാളക്കരയ്ക്ക് സമ്മാനിച്ചത്

'വാർത്തയൊക്കെ വരും പോകും, ഉറുമ്പ് ചത്താൽ വാർത്ത തവള ചാകും വരെ, തവള ചത്താൽ വാർത്ത പാമ്പ് ചാകും വരും, പാമ്പ് ചത്താൽ വാർത്ത പരുന്ത് ചാകും വരെ' എന്ന സിനിമാ ഡയലോഗ് പോലെ മാറി മറിഞ്ഞ വാർത്തകളാൽ സമ്പന്നമായിരുന്നു 2021. അങ്ങനെ വാർത്തകൾ മാറി മറിഞ്ഞുപോകുമെങ്കിലും സിനിമാക്കഥകളെയും വെല്ലുന്ന ഒരു വാർത്തയിൽ മലയാളികളെല്ലാം അത്ഭുതം കൂറിയ വർഷം കൂടിയായിരുന്നു 2021. കാമുകന്‍റെ വീട്ടിൽ ഒറ്റ മുറിക്കുള്ളിൽ ആരോരുമറിയാതെ ഒരു ദശാബ്ദം ഒരു പെൺകുട്ടി ഒളിവ് ജീവിതം നയിച്ചു എന്ന് കേട്ടപ്പോൾ ഒരു നിമിഷം ഏവരും ഞെട്ടിപ്പോയി. 'അവിശ്വസനീയം' ഒറ്റവാക്കിൽ മലയാളികളെല്ലാം ആ ജീവിത കഥയെ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു. പക്ഷേ പാലക്കാടിനപ്പുറം നെന്മാറയിൽ കാരയ്ക്കാട്ടുപറമ്പ് സ്വദേശികളായ സജിതയും റഹ്മാനും അത്രമേൽ അത്ഭുതകരമായ ജീവിതകഥയാണ് മലയാളക്കരയ്ക്ക് സമ്മാനിച്ചത്. പത്ത് വർഷം മുന്നേ കാണാതായ പത്തൊൻപതുകാരി പുറംലോകം കണ്ടപ്പോൾ ഈ വർഷങ്ങളിലെ നിഗൂഢ ജീവിതം ഇനിയും പൂർണമായും ചുരുളഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

ജൂൺ മാസത്തിലായിരുന്നു സിനിമയെ വെല്ലുന്ന റഹ്മാൻ-സജിത പ്രണയകഥയും 10 വര്‍ഷത്തെ ഒളിവ് ജീവിതവും ഏവരെയും ഞെട്ടിച്ചുകൊണ്ട് പുറംലോകം അറിഞ്ഞത്. ഒരു യുവാവ് സ്വന്തം വീട്ടില്‍ ഒരു യുവതിയെ ഒരു ദശാബ്ദകാലം ആരോരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ച യാഥാർത്ഥ്യം അവിശ്വസനീയതോടെയാണ് കേരളം കേട്ടത്. സ്വന്തം വീട്ടുകാരോ അയല്‍വാസികളോ അറിയാതെ ഇത്രയും നീണ്ട കാലയളവ് ഒരു യുവതിയെ എങ്ങനെ ഒരു ചെറിയ മുറിക്കുള്ളില്‍ ഇയാള്‍ ഒളിച്ചുതാമസിപ്പിച്ചു എന്ന് നാല് കോണുകളില്‍ നിന്നും ചോദ്യവും സംശയവുമുയര്‍ന്നു. അത്രമേൽ പ്രണയത്തിന് ആഴമുണ്ടെങ്കിൽ അങ്ങനെയും ജീവിക്കാം എന്നായിരുന്നു റഹ്മാന്‍റെയും സജിതയുടെയും ഉത്തരം. സംഭവം അന്വേഷിച്ച പൊലീസും അവർക്ക് ശരി വയ്ക്കുകയായിരുന്നു.

10 വര്‍ഷം മുമ്പ് 19കാരിയെ കാണാതാകുന്നു

പാലക്കാട് ജില്ലയിലെ നെന്മാറയിലെ അരിയൂരിനടുത്തുള്ള കാരയ്ക്കാട്ടുപറമ്പ് എന്ന ഉള്‍ഗ്രാമത്തിലാണ് സംഭവം. പത്ത് വ‍ർഷങ്ങള്‍ക്ക് മുമ്പ് ഇവിടുന്ന് 19 വയസുള്ള ഒരു പെൺകുട്ടിയെ കാണാതായി. പെൺകുട്ടിയുടെ പേര് സജിത. എല്ലായിടത്തും വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചിറങ്ങി. വീട്ടിലും നാട്ടിലും ഒന്നും അവളെ കണ്ടുകിട്ടിയില്ല. പരാതിയുമായി വീട്ടുകാർ പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. പൊലീസ് ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. റഹ്മാൻ എന്നൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു എന്നറിഞ്ഞ പൊലീസ് അന്ന് ഇയാളെ ചോദ്യം ചെയ്തു. പക്ഷേ കൂടുതൽ വിവരമൊന്നും പൊലീസിന് കിട്ടിയില്ല. സംശയമുന റഹ്മാനിൽ നിന്നകന്നതോടെ കേസന്വേഷണം വഴിമുട്ടി. അവസാനം, പൊലീസും വീട്ടുകാരും അന്വേഷണം അവസാനിപ്പിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോൾ പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ വീട്ടുകാരടക്കം മറക്കുന്നതിനിടെയാണ് സംഭവത്തില്‍ സിനിമാ ക്ലൈമാക്‌സിനെ വെല്ലുന്ന ട്വിസ്റ്റ് ഉണ്ടായത്.

പ്രണയം, സാഹസികത

റഹ്മാനും സജിതയും തമ്മിൽ പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചവർ. അന്ന് സജിതക്ക് 19 വയസ്സ്. റഹ്മാനാകട്ടെ 24 വയസും. ഇരുവരും അയല്‍വാസികള്‍. റഹ്മാന്‍റെ വീട്ടില്‍ നിന്ന് ഏകദേശം നൂറുമീറ്റര്‍ അകലെ മാത്രമായിരുന്നു സജിതയുടെ വീട്. ഇടയ്ക്കുള്ള കണ്ടുമുട്ടലും സംസാരവും അവരെ പ്രണയത്തിലേക്ക് നയിച്ചു. പ്രണയം വീട്ടില്‍ പറയാനുള്ള ധൈര്യം ഇരുവര്‍ക്കുമുണ്ടായില്ല. ഇരു വിഭാഗക്കാരായിരുന്നു എന്നതും അവരെ അലട്ടി. അങ്ങനെയാണ് സജിത ആരുമറിയാതെ റഹ്മാന്‍റെ വീട്ടിനുള്ളിലെ മുറിക്കുള്ളിലേക്കുള്ള സാഹസിക ജീവിതം തുടങ്ങിയത്. തുടക്കത്തില്‍ റഹ്മാനും മുറിവിട്ട് പുറത്തിറങ്ങിയില്ല. തന്‍റെ മുറിയിലേക്ക് ആരെയും പ്രവേശിപ്പിച്ചതുമില്ല. കുറച്ച് ദിവസം കഴിഞ്ഞ് പുറത്തിറങ്ങണമെന്നും എല്ലാവരെയും അറിയിച്ച് വിവാഹം ചെയ്യണമെന്നുമാണ് ആദ്യം കരുതിയത്. എന്നാല്‍, കൈയില്‍ പണമില്ലാത്തതും നാട്ടില്‍ പ്രശ്‌നമാകുമെന്ന ഭയവും കാര്യങ്ങൾ സങ്കീര്‍ണമാക്കി. അതിനിടയില്‍ ഇരുവരും മുറിയിലെ ജീവിതത്തോട് മാനസികമായി പൊരുത്തപ്പെടുകയും ചെയ്തു.

റഹ്മാന്‍റെ തന്ത്രങ്ങൾ

വീട്ടിലെ മുറിയിൽ സജിതയുമായി സാഹസിക ജീവതം തുടങ്ങുമ്പോൾ റഹ്മാൻ തന്ത്രപരമായാണ് കാര്യങ്ങള്‍ നീക്കിയത്. ഇലക്ട്രിക് ജോലി അറിഞ്ഞിരുന്നതിനാല്‍ വീട്ടുകാരെ ഭയപ്പെടുത്താന്‍ ചില പൊടിക്കൈകളും ചെയ്തു. മാനസിക വിഭ്രാന്തിയുള്ളയാളെ പോലെ പെരുമാറി. അതോടെ ഇയാളുടെ പ്രവൃത്തികള്‍ വീട്ടുകാര്‍ ചോദ്യം ചെയ്യാതെയായി. ഇടയ്ക്ക് മാത്രമാണ് യുവാവ് പണിക്കു പോയിരുന്നത്. പണിക്കുപോകാത്ത സമയം മുറിയില്‍ തന്നെ കഴിഞ്ഞുകൂടി. നാട്ടുകാരില്‍ നിന്നും കൃത്യമായ അകലം പാലിച്ചു. ആരുമറിയാതെ, ആര്‍ക്കും സംശയം തോന്നാതെ ഭക്ഷണവും വെള്ളവുമെല്ലാം തനിക്കാണെന്ന വ്യാജേന ഇയാള്‍ മുറിയില്‍ എത്തിച്ചു. ജനല്‍ വഴി ശുചിമുറിയില്ലെത്താനുള്ള സൗകര്യമടക്കം ഒരുക്കിയിരുന്നു ഇയാൾ.

ഒടുവില്‍ പുറത്തറിഞ്ഞത് ഇങ്ങനെ

ഇടക്കാലത്ത് റഹ്മാനെ വീട്ടില്‍ നിന്ന് കാണാതായി. പൊലീസിൽ കുടുംബം പരാതി നൽകുകയും ചെയ്തു. ദിവസങ്ങൾക്കിപ്പുറം റഹ്മാനെ അവിചാരിതമായി സഹോദരന്‍ നെന്മാറയില്‍ വെച്ച് കണ്ടു. ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന ഇയാളെ ലോറി ഡ്രൈവറായ സഹോദരന്‍ പിന്തുടരുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. അങ്ങനെയാണ് റഹ്മാൻ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിലാണ് ഭാര്യയോടൊപ്പം വിത്തനശേരിയിലാണ് താമസിക്കുന്നതെന്ന് യുവാവ് പറഞ്ഞത്. വിവാഹിതനായ കാര്യം സഹോദരന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞതോടെ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ തിരക്കി. അപ്പോഴാണ് 10 വര്‍ഷത്തെ അവിശ്വസനീയ കഥ യുവാവ് പറഞ്ഞത്. കഥ കേട്ട പൊലീസിനൊപ്പം കേരളവും ഒന്നാകെ ഞെട്ടുകയായിരുന്നു.

വീട്ടുകാരെ ഭയന്നു, കിട്ടിയ ഭക്ഷണം പങ്കിട്ടു; 10 വർഷത്തെ ഒളിവ് ജീവിതവും പ്രണയകഥയും വിവരിച്ച് റഹ്മാനും സജിതയും

10 വര്‍ഷത്തെ ഒറ്റമുറി ജീവിതം വിശ്വസനീയമോ? എങ്ങും സംശയം മാത്രം

റഹ്മാന്‍റെയും സജിതയുടെയും 10 വർഷത്തെ ജീവിത കഥ കേട്ട ആർക്കും സ്വാഭാവികമായും നിരവധി സംശയങ്ങളാണ് ഉയർന്നത്. ഒരു മുറിയിൽ ഒരു പെൺകുട്ടിയെ ഇത്രയും കാലം എങ്ങനെ ഒളിപ്പിച്ച് താമസിക്കാനാകും? വീട്ടുകാരെങ്കിലും അറിയില്ലേ? പ്രാഥമിക കൃത്യങ്ങൾക്കായെങ്കിലും അവ‍ൾക്ക് പകൽ പുറത്തിറങ്ങേണ്ടി വന്നിട്ടില്ലേ? ഒരു അസുഖം പോലും വരാത്ത പത്ത് വ‌ർഷമോ? ആശുപത്രിയിൽ പോകേണ്ടിവരില്ലേ? അങ്ങനെ നിരവധി ചോദ്യങ്ങളുയർന്നു. വളരെ പിന്നോക്ക മേഖലയാണ് ഇപ്പറയുന്ന സ്ഥലമായ കാരയ്ക്കാട്ടുപറമ്പ്. വലിയ സൗകര്യങ്ങള്‍ ഒന്നുമില്ല. ചെറിയ കാര്യങ്ങള്‍ക്കുപോലും പരസ്പരം ആശ്രയിച്ചുള്ള ജീവിതമാണ് ഏവരും നയിക്കുന്നത്. വീടുകള്‍ തമ്മില്‍ അധികം ദൂരമൊന്നുമില്ല. തമ്മിൽ മിണ്ടിയും പറഞ്ഞുമൊക്കെയുള്ള ജീവിതമാണ് ഇവിടെ എല്ലാവരും നയിക്കുന്നത്. അതൊക്കെ കൊണ്ടുതന്നെ ഇത്രയും നീണ്ട കാലം ഒരു യുവതിയെ ഒളിച്ചു താമസിപ്പിച്ചു എന്നത് നാട്ടുകാർക്ക് വിശ്വസിക്കാൻ പ്രയാസം തന്നെ.

10 വർഷത്തെ ഒളിവ്ജീവിതം അന്വേഷിച്ച പൊലീസ് പറഞ്ഞത്

10 വര്‍ഷം കുഞ്ഞുവീട്ടില്‍ ഒരു സ്ത്രീയെ ആരുമറിയാതെ താമസിപ്പിച്ചു എന്നത് പൊലീസിനും അവിശ്വസനീയമായിരുന്നു. അധികം സൗകര്യങ്ങളൊന്നുമില്ലാത്ത ചെറിയ ഓടിട്ട വീടായിരുന്നു റഹ്മാന്‍റേത്. മാതാവും പിതാവും ഒരു സഹോദരിയും അവരുടെ മകൾക്കുമൊപ്പമായിരുന്നു വീട്ടിലെ ഇവരുടെ ഒളിവ് ജീവിതം. റഹ്മാന്‍റെയും സജിതയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടി എന്നതാണ് യാഥാർത്ഥ്യം. ഏറെക്കാലമായി അസ്വാഭാവികമായി പെരുമാറിയ റഹ്മാൻ വീട്ടുകാരിൽ നിന്ന് കൃത്യമായ അകലം പാലിച്ചിരുന്നു. ഇയാളോട് തുറന്നിടപെടുന്നതില്‍ വീട്ടുകാർക്കെല്ലാം ഭയവുമുണ്ടായിരുന്നു. റഹ്മാനും സജിതയും മൊഴികളിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനുള്ള എല്ലാ സൗകര്യവും മുറിയിലൊരുക്കിയിരുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. രാത്രി ശുചിമുറിയില്‍ പോകാന്‍ ജനല്‍ പ്രത്യേക രീതിയില്‍ സജ്ജീകരിച്ചിരുന്നു. മുറിയിലേക്ക് പെട്ടെന്ന് ആരെങ്കിലും കയറി വന്നാല്‍ വാതിലിന് പിന്നില്‍ ഒളിച്ചിരിക്കാനുള്ള ചെറിയ പെട്ടി തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെന്നും പൊലീസ് കണ്ടെത്തി. യുവാവും യുവതിയും പറയുന്നതില്‍ യാതൊരു പൊരുത്തക്കേടുകളും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും ഒരേ കാര്യങ്ങളാണ് പറയുന്നത്. വീട്ടിലേക്ക് ആളുകള്‍ വന്നതും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ത്ഥിയും നേതാക്കളും വോട്ട് ചോദിച്ച് എത്തിയതും എല്ലാം ഇവ‍ർ കൃത്യമായി പറഞ്ഞു. വീട്ടിലെ എല്ലാ സംഭവങ്ങളിലും ഇവര്‍ പറയുന്നത് അക്ഷരംപ്രതി ഒന്നുതന്നെ. ആരുമില്ലാത്ത സമയത്ത് ജനല്‍ തുറന്ന് പുറത്തേക്ക് നോക്കും. അങ്ങനെ ഒന്നുരണ്ടു തവണ തന്റെ അച്ഛനെയും അമ്മയെയും കണ്ടതായി യുവതി പറയുന്നു. ഏറെ കൃത്യമായതിനാല്‍ യുവതിയുടെ വാക്കുകളാണ് പൊലീസ് മുഖവിലക്കെടുത്തത്. സ്വന്തം ഇഷ്ടപ്രകാരമാണ് മുറിയില്‍ താമസിച്ചതെന്നും റഹ്മാനൊപ്പം ജീവിക്കാനാണ് തീരുമാനമെന്നും സജിത വ്യക്തമാക്കിയതോടെ കോടതിയും അവർക്ക് ശരിവച്ചു.

'സജിതയും റഹ്മാനും പറഞ്ഞത് ശരിയാണ്', റിപ്പോർട്ട് നൽകി പൊലീസ്, വനിതാ കമ്മീഷൻ നെന്മാറയിൽ

വിമ‍ർശനവും ശക്തമായി

യുവതിയെ പത്ത് വർഷം ഒളിവിൽ പാ‌‌ർപ്പിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ, നടന്നത് മനുഷ്യാവകാശ ലംഘനമാണെന്ന വിമർശനവും ശക്തമായി. വനിതാ കമ്മീഷനടക്കം വിമ‍ർശനവുമായി രംഗത്തെത്തി. സ്ത്രീയെ മുറിയില്‍ പത്ത് വര്‍ഷം അടച്ചിട്ട സംഭവം മനുഷ്യാവകാശ ലംഘനമെന്നായികുന്നു വനിതാ കമ്മീഷന്‍റെ ആദ്യ പ്രതികരണം. ഇത്രയും കാലം ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും ഇതിനുള്ളില്‍ കഴിഞ്ഞുവെന്ന വാര്‍ത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണ്. ആര്‍ത്തവകാലമുള്‍പ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയായിയെന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരെ നിയമനടപടി വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് അന്വേഷണത്തിന് ശേഷം കമ്മീഷൻ നിലപാട് മയപ്പെടുത്തി. 'സജിതയും റഹ്മാനും പറഞ്ഞത് ശരിയാണ്' എന്നായിരുന്നു വനിതാ കമ്മീഷന് കിട്ടിയ റിപ്പോർട്ട്. റഹ്മാനെതിരെ കേസെടുക്കരുതെന്ന സജിതയുടെ ആവശ്യം ഏവരും അംഗീകരിക്കുകയും ചെയ്തു. 'സ്വന്തം ഇഷ്ടപ്രകാരം' എന്ന നിലപാടിൽ സജിത ഉറച്ചുനിന്നതോടെ വിമർശകരും പതിയെ പിൻവാങ്ങി.

എല്ലാം ശുഭം, ഒടുവിൽ പ്രണയസാഫല്യം, കല്യാണമധുരം വിളമ്പി റഹ്മാനും സജിതയും

നീണ്ട കാത്തിരിപ്പിനൊടുവില്‍ 2021 സെപ്തംബ‍ർ 15 ന് റഹ്മാന്‍റെയും സജിതയുടെയും ആഗ്രഹം സഫലമായി. നെന്മാറ സബ് രജിസ്റ്റാർ ഓഫീസിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് റഹ്മാനും സജിതയുമെത്തുമ്പോള്‍ സ്വീകരിക്കാന്‍ നെന്മാറ എംഎല്‍എ കെ. ബാബുവും മറ്റു ജന പ്രതിനിധികളുമടക്കമുള്ളവ‍ർ കാത്തുനിന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ വിവാഹ സമ്മാനം സ്വീകരിച്ച് സബ് രജിസ്ട്രാര്‍ക്ക് ഇരുവരും വിവാഹ അപേക്ഷ നല്‍കി. ചടങ്ങിന് സാക്ഷികളാവാന്‍ സജിതയുടെ മാതാപിതാക്കളുമെത്തി. സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ റഹ്മാനും സജിതയും എല്ലാവര്‍ക്കും മധുരം നല്‍കി. അങ്ങനെ സിനിമയെ വെല്ലിയ ജീവത-പ്രണയ കഥയ്ക്ക് ശുഭം എന്നെഴുതി കാണിച്ച് അവസാന സീനും കടന്നുപോയി. അപ്പോഴും അവരൊരുമിച്ചുകണ്ട ഒരു സ്വപ്നം മാത്രം ബാക്കിയാണ്. 'സ്വന്തമായി ഒരു കൊച്ചു വീട്'.

ഒറ്റമുറിയില്‍ ആരും കാണാതെ 10 വര്‍ഷം; കാത്തിരിപ്പ് അവസാനിച്ചു, റഹ്മാനും സജിതയും വിവാഹിതരായി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി