
തിരുവനന്തപുരം: നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ് ഐ. പ്രദീപ് അടക്കമുള്ള 36 അംഗ മലയാളി ടൂറിസ്റ്റ് സംഘവും അപകടമേഖലയിൽ കുടുങ്ങി. കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികൾ ഉൾപ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.
അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി നേപ്പാൾ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. പ്രളയബാധിതരായ ഇന്ത്യക്കാർക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്. നേപ്പാൾ ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രളയത്തിൽ മരണം 22 ആയി ഉയർന്നതിനൊപ്പം 384 പേരെ കാണാതാവുകയും ചെയ്തു. ഇതിൽ 105 പേർ ഇന്ത്യക്കാരാണ്. കാണാതായവരിൽ 32 പോലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടുന്നു. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം പ്രളയബാധിത മേഖലയിലുണ്ടായിരുന്ന വിനോദസഞ്ചാരികളുമായി നിലവിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇതിനിടെ അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്റ്ററിൽ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് അതിർത്തി മേഖലയിലാണ് പ്രളയം ഏറ്റവും കനത്ത നാശനഷ്ടം വിതച്ചത്. നിരവധിയായ ഗ്രാമങ്ങൾ, മാർക്കറ്റുകൾ, ജലസേചന പദ്ധതികൾ എന്നിവ പ്രളയജലത്തിൽ ഒഴുകിപ്പോയി. ഗതാഗത ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ട രീതിയിൽ റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. നേപ്പാളിൽ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam