തിരുവോണ ദിവസം സംസ്ഥാനത്ത് മഴ ശക്തമായതോടെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുതുക്കി. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഉൾപ്പെടെ 5 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്
തിരുവനന്തപുരം: തിരുവോണ ദിവസവും സംസ്ഥാനത്ത് അതിശക്ത മഴ. ഉച്ച കഴിഞ്ഞതോടെ സംസ്ഥാന വ്യാപകമായി മഴ ശക്തമായതോടെ കാലാവസ്ഥാ മുന്നറിയിപ്പ് പുതുക്കി. പുതിയ അറിയിപ്പ് പ്രകാരം മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വൈകിട്ട് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 4 ജില്ലകളിൽ അതിശക്ത മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തലസ്ഥാനമായ തിരുവനന്തപുരം ഉൾപ്പെടെ കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് എന്നീ 5 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്.
വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ്
ഓറഞ്ച് അലർട്ട്
26/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
26/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (26/08/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
26/08/2026: കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

