
ഇന്നലെകളെക്കുറിച്ച് ഒരു ഓർമ്മയും ഇല്ലാതെ മറ്റൊരു രാജ്യത്ത് ഏഴ് വർഷം അഭയാർത്ഥിയായി ജീവിക്കേണ്ടി വരിക. ഒട്ടും നിനച്ചിരിക്കാതെ ഒരു ദിനം സ്വന്തം കുടുംബത്തെ തിരിച്ചറിഞ്ഞ് അവരുടെ അടുത്തേക്ക് മടങ്ങിപ്പോകാൻ കഴിയുക. വഴിതെറ്റി കേരളത്തിൽ എത്തിപ്പെട്ട നേപ്പാൾ സ്വദേശി സീത ഖനാലിന്റെ അതിജീവനകഥ വല്ലാത്തൊരു കഥയാണ്.
ആരോരുമില്ലാതെ തെരുവിൽ കണ്ടെത്തിയ ഇവരെ 2015 ഫെബ്രുവരിയിലാണ് പൊലീസ് പിലാത്തറയിലെ ഹോപ് എന്ന ഈ ആതുര സേവന കേന്ദ്രത്തിൽ എത്തിച്ചത്. അന്ന് സീതയ്ക്ക് സ്വന്തം പേരറിയില്ല, നാടറിയില്ല, സംസാരഭാഷ ഹിന്ദിപോലെയാണെങ്കിലും ആർക്കും മനസിലാകുന്നുണ്ടായിരുന്നില്ല. ലക്ഷ്മിയെന്നൊരു പുതിയ പേരിട്ട് പരിയാരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ചികിത്സിച്ചു. എഴുതാനും വായിക്കാനും പഠിപ്പിച്ചു. ഉറക്കത്തിൽ ഭർത്താവിനെയും മക്കളെയും സ്വപ്നം കണ്ടെന്ന് പറയും. രാവിലെ ഇതും ഓർത്ത് സങ്കടപ്പെട്ടിരിക്കും.
കഴിഞ്ഞ വർഷമാണ് മറവിയുടെ നൂൽപാലം കടക്കുന്നത്. കാരണക്കാരി ഒരു എംഎസ്ഡബ്യു വിദ്യാർത്ഥിനി. ഹോപിൽ ഇന്റേൻഷിപ്പിനായി വന്ന ജസ്റ്റീന നിവിൽ ലക്ഷ്മിക്കൊപ്പം താമസിച്ച് അമ്മയോടെന്നപോലെ സ്നേഹം കാട്ടി. നിരന്തരമുള്ള സംസാരത്തിൽ യത്ഥാർത്ഥ പേര് സീത ഖനാൽ എന്നാണെന്നും നാട് നേപ്പാളാണെന്നും മനസിലാക്കി. ഏഴ് മക്കളുണ്ടെന്നും ഭർത്താവ് ബുദ്ധ വിഹാരത്തിലെ പൂജാരിയാണെന്നും സീത ഓർത്തെടുത്തു. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നേപ്പാളിലെ ഓരോ ബുദ്ധവിഹാരങ്ങളും കാട്ടിക്കൊടുത്തു. കപിലവസ്തു ജില്ലയിലെ ലുംബിനിയിൽ ബുദ്ധൻ ജനിച്ച ഗ്രാമത്തിലെ ബുദ്ധവിഹാരങ്ങൾ കണ്ടപ്പോൾ സീത നാട് തിരിച്ചറിഞ്ഞു.
ഇപ്പോഴും എങ്ങനെയാണ് കേരളത്തിലേക്ക് എത്തിയതെന്ന് സീതയ്ക്ക് ഓർമ്മയില്ല. എന്നാൽ രണ്ടാം വീട് തന്ന സ്നേഹം ഉള്ളിലുണ്ട്. ഹോമിലെ ഉറ്റ കൂട്ടുകാരൻ ഷാജുവിനോട് ടാറ്റാ പറഞ്ഞ് സീത മടങ്ങുകയാണ്. ഹിമാവാന്റെ മടിത്തട്ടിൽ ബുദ്ധന്റെ മണ്ണിൽ ഉറ്റവർ വഴിക്കണ്ണുമായി കാത്തിരിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam