
തിരുവനന്തപുരം: ഗതാഗത വകുപ്പ് തന്നെയാണെന്ന മാധ്യമ വാർത്തകൾ ശരിവക്കുന്ന സൂചന നൽകി മന്ത്രി സി പി ജോൺ. ഗതാഗത വകുപ്പിന്റെ ഔദ്യോഗിക ചുമതല താൻ ഏറ്റെടുക്കുന്നതേയുള്ളൂവെന്നും, ചാർജ് എടുത്ത ശേഷം എല്ലാ കാര്യങ്ങളും മാധ്യമപ്രവർത്തകരെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കാണ് ഗതാഗത വകുപ്പ് ലഭിക്കുകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത് താൻ നിഷേധിക്കുന്നില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് മുന്നണിയിൽ ചർച്ചകൾ നടന്നിരുന്നുവെന്നും സി പി ജോൺ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ജൂൺ 15 മുതൽ കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത വിധത്തിലുള്ള വലിയ ആനുകൂല്യങ്ങൾ പുതിയ സർക്കാർ നടപ്പാക്കുമെന്നും, എന്നാൽ അതിന് മുൻപായി വകുപ്പിലെ കാര്യങ്ങൾ വ്യക്തമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രൈവറ്റ് ബസ് വ്യവസായത്തെ നശിപ്പിക്കാൻ പുതിയ സർക്കാർ ഒരിക്കലും ശ്രമിക്കില്ല. കെ എസ് ആർ ടി സിയും സ്വകാര്യ ബസുകളും പരസ്പര പൂരകങ്ങളായി മുന്നോട്ട് പോകണമെന്നാണ് തന്റെ നിലപാടെന്നും സി പി ജോൺ കൂട്ടിച്ചേർത്തു. പുതിയ ഗതാഗത നയ രൂപീകരണത്തിന് മുന്നോടിയായി വലിയ ചർച്ചകൾക്കാണ് മന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്.
അതേസമയം കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സർക്കാർ. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും. ആദ്യ ഗ്യാരന്‍റി ഒരു മാസത്തിനുളളിൽ നടപ്പാക്കാൻ തീരുമാനിച്ച യു ഡി എഫ് സർക്കാർ, കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാർക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഇക്കാര്യത്തിൽ സർക്കാർ വിളിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഏകദേശ ധാരണയുണ്ടായേക്കും. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചനയുളളത്. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി രൂപ സർക്കാർ കെ എസ് ആർ ടി സിക്ക് സബ്സിഡിയായി നൽകേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എ സി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യം. പ്രഖ്യാപനത്തിന്‍റെ ആവേശത്തിലാണ് സ്ത്രീകൾ എന്നതിനാൽ തന്നെ സർക്കാർ ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടറിയണം. നാളത്തെ യോഗത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഗതാഗത മന്ത്രി പങ്കെടുക്കുമോ എന്നതും കണ്ടറിയണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam