അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; ഈ മാസത്തെ രണ്ടാമത്തേത്

By Web TeamFirst Published Sep 14, 2022, 1:22 PM IST
Highlights

സ്വർണഗദ്ദ ഊരിലെ ശാന്തി ഷൺമുഖന്റെ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. നാല് ദിവസം മാത്രമാണ് ആൺകുഞ്ഞിന്റെ പ്രായം. 

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ പഞ്ചായത്തിലെ സ്വർണഗദ്ദ ഊരിലെ ശാന്തി ഷൺമുഖന്റെ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. നാല് ദിവസം മാത്രമാണ് ആൺകുഞ്ഞിന്റെ പ്രായം. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേലെ ആനവായ് ഊരിലെ സുന്ദരൻ - സരോജിനി ദമ്പതിമാരുടെ കുഞ്ഞ് കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ മരിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രസവത്തോടെയായിരുന്നു മരണം. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്. ഇതോടെ ഈ മാസത്തെ ശിശു മരണങ്ങളുടെ എണ്ണം രണ്ടായി.

കഴിഞ്ഞ മാസം രണ്ട് കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചിരുന്നു. ഓഗസ്റ്റ് 25ന് ഇലച്ചിവഴി ഊരിലെ ജ്യോതി മുരുകൻ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആൺകുട്ടി അട്ടപ്പാടിയിൽ മരിച്ചിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞ് ഓഗസ്റ്റ് 8ന് മരിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം. ഇതോടെ ഈ വർഷത്തെ ശിശുമരണം പതിമൂന്നായി. 

അട്ടപ്പാടി മധു കേസ്: രണ്ട് സാക്ഷികൾ കൂടി കൂറുമാറി, 29 ആം സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാൻ ഉത്തരവിട്ട് കോടതി

അട്ടപ്പാടിയിലെ ശിശു മരണം നേരത്തെ മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ നിയമസഭയിൽ ഉന്നയിച്ചിരുന്നു. മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവത്തെ തുടർന്നായിരുന്നു പ്രതിപക്ഷ നീക്കം. ഇതിന് മറുപടി പറയവേ, സർക്കാർ വകുപ്പുകൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. കോട്ടത്തറ ആശുപത്രിയിൽ വൈദ്യുതി വിച്ഛേദിച്ചിട്ടില്ല എന്നും 162 സാമൂഹ്യ അടുക്കളകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ആദിവാസി ഊരുകളിൽ നിന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ബാക്കി ഉള്ളവ നിർത്തിയത്. ചില ഊരുകളിലേക്ക് ഗതാഗത സൗകര്യ പ്രശ്നം ഉണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.
 

click me!