പട്ടയചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്; എം എം മണിയുടെ സഹോദരനെതിരെ റവന്യൂ വകുപ്പ് നടപടി തുടങ്ങി

By Web TeamFirst Published Sep 14, 2022, 1:16 PM IST
Highlights

ഭൂപതിവ് ചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച്, ഉണ്ടെങ്കില്‍ പട്ടയം റദ്ദാക്കാന്‍ ദേവികുളം സബ് കളക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം പട്ടയവ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നാണ് ലംബോദരന്‍റെ വിശദീകരണം.

ഇടുക്കി: സി പി എം നേതാവ് എം എം മണിയുടെ സഹോദരന്‍ എം എം ലംബോദരന്‍റെ സാഹസിക സിപ് ലൈന്‍ പദ്ധതിക്കെതിരെ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ഭൂപതിവ് ചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച്, ഉണ്ടെങ്കില്‍ പട്ടയം റദ്ദാക്കാന്‍ ദേവികുളം സബ് കളക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം പട്ടയവ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നാണ് ലംബോദരന്‍റെ വിശദീകരണം.

1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് ലഭിച്ച ഭൂമിയിലാണ് ലംബോദരന്‍ സിപ് ലൈന്‍ പണിയുന്നത്. ഇടുക്കി വെള്ളത്തൂവല്‍ വില്ലേജിലെ ഇരുട്ടുകാനത്ത് ദേശിയ പാതയോരത്താണ് നിര്‍മ്മാണം. 64 ലെ ഭൂപതിവ് നിയമം അനുസരിച്ചു നൽകുന്ന പട്ടയഭൂമി കൃഷിക്കും ഭവന നിര്‍മ്മാണത്തിനും മാത്രമെ ഉപയോഗിക്കാവു എന്നാണ് ചട്ടം. ലംബോധരന്‍ ഈ ചട്ടം ലഘിച്ചുവെന്ന് കാട്ടി വെള്ളത്തൂവല്‍ വില്ലേജ് ഓഫീസറും ദേവികുളം തഹസില്‍ദാറും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ദേവികുളം സബ് കളക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചട്ടം ലംഘിട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ പട്ടയം റദ്ദാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ മാസം 20-ാം തിയതി സബ് കളക്ടറ്‍ മുമ്പാകെ ഹാജരാകാന്‍ ലംബോദരനോട് ആവശ്യപെട്ടിട്ടുണ്ട്. 

അതേസമയം, നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് എം എം ലംബോധരന്‍റെ വിശദീകരണം. താല്‍കാലിക നിര്‍മ്മാണമായതിനാല്‍ പട്ടയചട്ടം ലംഘിച്ചിട്ടില്ല. പ്രദേശത്ത് ഇത്തരം നിരവധി നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെന്നും ലംബോദരന്‍ പറഞ്ഞു. പദ്ധതിക്ക് വെള്ളത്തൂവല്‍ പഞ്ചായത്തും ടൂറിസം വകുപ്പും അനുമതി നല്‍കിയിരുന്നു. ഇതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപെട്ട് യുഡിഎഫ് രംഗത്തെത്തി.

click me!