
തിരുവനന്തപുരം: ജയിലുകള്‍ സന്ദര്‍ശിച്ച് അപര്യാപ്തതകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിക്കുക. മൂന്ന് മാസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് സമിതിയോട് അറിയിച്ചിട്ടുണ്ട്.
ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനുള്ള സുപ്രീം കോടതി നിര്‍ദേശപ്രകാരം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തടവുകാരെ എണ്ണം കൂടുതലുള്ള ജയിലുകളില്‍ നിന്നും ശേഷി കൂടിയതും എണ്ണം കുറവുള്ളതുമായ ജയിലുകളിലേക്ക് മാറ്റി പാര്‍പ്പിക്കും. വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയില്‍ പുതുതായി ഒരു സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തും.
സെല്ലുകള്‍ അറ്റകുറ്റപ്പണി ചെയ്തും പുതിയ സെല്ലുകള്‍ പണിതും ബാഹുല്യം കുറയ്ക്കാന്‍ നടപടിയെടുക്കണം. പത്തനംതിട്ട, തളിപ്പറമ്പ്, എന്നിവിടങ്ങളിൽ പുതിയ ജയിലുകളുടെ നിർമ്മാണ പ്രവൃത്തികൾ ത്വരിതപ്പെടുത്തും. യോഗത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. എ ജയതിലക്, ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ തുടങ്ങിയവര്‍ സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam