ഗുണ്ടാ - മാഫിയകളെ അമർച്ച ചെയ്യാൻ കമ്മീഷണറേറ്റുകൾ വേണം, ബെഹ്റയുടെ ശുപാർശ

By Web TeamFirst Published Jul 5, 2021, 1:07 PM IST
Highlights

തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ മജിസ്റ്റീരിയൽ അധികാരങ്ങളോടെ കമ്മീഷണറേറ്റുകൾ സ്ഥാപിക്കാൻ ഉത്തരവിറങ്ങിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. പക്ഷേ, ഐഎഎസുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് മജിസ്റ്റീരിയൽ അധികാരങ്ങള്‍ ഐപിഎസുകാർക്ക് കൈമാറിയില്ല.

തിരുവനന്തപുരം: തിരുവനന്തപുരം,കൊച്ചി നഗരങ്ങളിൽ കമ്മീഷണറേറ്റുകൾ ഉടൻ സ്ഥാപിക്കണമെന്ന ആവശ്യവുമായി വീണ്ടും ഡിജിപി. കളക്ടർമാരുടെ കൈവശമുള്ള എല്ലാ മജിസ്റ്റീരിയൽ അധികാരങ്ങളും ആവശ്യമില്ലെന്നും ഗുണ്ടാനിയമം നടപ്പാക്കാനുള്ള അധികാരങ്ങള്‍ മാത്രം നൽകിയാൽ മതിയെന്നുമാണ് പുതിയ ശുപാർശ. ലോക്നാഥ് ബെഹ്റ പൊലീസ് മേധാവി സ്ഥാനത്തുനിന്നും വിരമിക്കുന്നതിന് മുമ്പാണ് പുതിയ ശുപാർശ നൽകിയത്.

തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ മജിസ്റ്റീരിയൽ അധികാരങ്ങളോടെ കമ്മീഷണറേറ്റുകൾ സ്ഥാപിക്കാൻ ഉത്തരവിറങ്ങിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. പക്ഷേ, ഐഎഎസുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് മജിസ്റ്റീരിയൽ അധികാരങ്ങള്‍ ഐപിഎസുകാർക്ക് കൈമാറിയില്ല.

രണ്ടു നഗരങ്ങളിലും കമ്മീഷണർമാരായി ഐജി റാങ്കിലെ ഉദ്യോഗസ്ഥരെ നിയമിച്ചുവെങ്കിലും കമ്മീഷണറേറ്റ് എന്ന ആശയം നടപ്പക്കാൻ ഇതേ വരെ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് നഗരങ്ങളിൽ ഗുണ്ടാ- മാഫിയ പ്രവർത്തനങ്ങള്‍ അമർച്ച ചെയ്യാൻ കമ്മീഷണറേറ്റ് അനിവാര്യമാണെന്ന് ആവശ്യവുമായി ഡിജിപി വീണ്ടും സർക്കാരിനെ സമീപിച്ചത്.

ഗുണ്ടാനിയമപ്രകാരം അറസ്റ്റിന് ശുപാർശ ചെയ്യുന്നതും ഉത്തരവിടുന്നതും പൊലീസാകുന്നത് നിയമത്തിന്‍റെ സുതാര്യതയെ ബാധിക്കുമെന്നു ചൂണ്ടികാട്ടിയാണ് മുൻ ചീഫ് സെക്രട്ടറിമാർ ഡിജിപിയുടെ ആവശ്യം തള്ളിയത്. എന്നാൽ എല്ലാ അധികാരങ്ങളും വേണ്ടെന്നാണ് ഡിജിപിയുടെ പുതിയ ശുപാർശ. 

ഗുണ്ടാനിയമപ്രകാരം കരുതൽ തടങ്കലിന് അനുമതി തേടി ആയിരക്കണക്കിന് അപക്ഷേകള്‍ കളക്ടറേറ്റുകളിൽ കെട്ടികിടക്കുന്നു. തുടർച്ചയായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വ്യക്തിക്കെതിരെ സിആർപിസി 107 പ്രകാരം ബോണ്ടു ചുമത്താനുള്ള അപേക്ഷകളിലും നടപടിയില്ല. പൊലീസ് അപേക്ഷ നൽകി ആറുമാസത്തിനുള്ളിൽ  തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ.  ഇത്തരം ശുപാ‍ശകളിൽ തീരുമാനം വൈകുന്നതിനാൽ ഗുണ്ടാപ്രവർത്തനങ്ങള്‍ വർദ്ധിക്കുന്നു. ഇത് പൊലീസിനെതിരെ ജനവികാരമുണ്ടാക്കാൻ ഇടയാക്കുന്നു. അപകടകരമായ കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവ പൊളിച്ചുമാറ്റാനും മുറിച്ചുമാറ്റാനും അധികാരങ്ങള്‍ നൽകുന്നതുള്‍പ്പെടെ  അധികാരം ഇപ്പോഴും കളക്ടർമാർക്കാണ്. ഇത്തരം ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ പൊലീസിനെയാണ് ആദ്യം സമീപിക്കുന്നത്. അതിനാൽ ഈ അധികാരവും കമ്മീഷണർമാർക്ക് കൈമാറണമെന്നാണ് വിരമിക്കുന്നതിന് മുമ്പ് ലോക്നാഥ് ബെഹ്റ കൈമാറിയ ശുപാർശ.

കസ്റ്റഡിമരണങ്ങളും മർദ്ദനങ്ങളും ആവർത്തിക്കുന്ന സംസ്ഥാനത്ത് പൊലീസിന് അമിതാധികാരം നൽകുന്നത് തെറ്റായ കീഴ്വഴക്കമെന്നാണ് ഐഎഎസുകാരുടെ വാദം. ഡിജിപിയുടെ പുതിയ ശുപാർശയിൽ മുഖ്യമന്ത്രിയും മുന്നണിയുമെടുക്കുന്ന നിലപാട് ഇനി നിർണായകമാകും.

click me!