
കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (karunya insurance) ആനുകൂല്യങ്ങൾക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന് സർക്കാർ. അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്ട്രെച്ചറിലും ചക്ര കസേരകളിലും ഇരുത്തി കൗണ്ടറിൽ എത്തിക്കേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാർ. ഇൻഷുറൻസിന്‍റെ പേരിലുള്ള തട്ടിപ്പ് തടയാനാണ് പരിഷ്ക്കാരം എന്നാണ് അധികൃതരുടെ ന്യായീകരണം
ആലപ്പുഴ മെഡിക്കൽ കോളേജില്‍ ഗുരുതരനിലയില്‍ കഴിയുന്ന അച്ഛന് കൂട്ടിരിക്കാനെത്തിയതാണ് വിപിന്‍. അപ്പോഴാണ് അടിയന്തര സ്കാനിംഗ് നിർദ്ദേശിച്ചത്. കാരുണ്യ പദ്ധതി ഇൻഷുറൻസ് കിട്ടണമെങ്കിൽ അച്ഛനെയും കൊണ്ട് 100 മീറ്റർ അകലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണം. നിവൃത്തിയില്ലാതെ ഒഴിവാക്കി. രണ്ട് മണിക്കൂറിന് ശേഷം അഛൻ എന്നെന്നേക്കുമായി വിട്ടു പിരിഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ ആശുപത്രികളിൽ രോഗികൾ നേരിടുന ഒരു ദുരന്തമാണിത്. നേരത്തെ രോഗിയുടെ ബന്ധുക്കൾ കൗണ്ടറിലെത്തി ഹെൽത്ത് കാർഡ് പതിപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ വ്യാജപേരിലും മറ്റും തട്ടിപ്പ് കണ്ടെത്തിതോടെയാണ് ആധാർ കാർഡ് സഹിതം രോഗി തന്നെ വിരലടയാളം പതിപ്പിക്കണമെന്ന ഭേദഗതി കൊണ്ടുവന്നത്
ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകം രോഗി ഇൻഷുറൻസിനായി ഹെൽത്ത് കാർഡ് പതിപ്പിക്കണം എന്നാണ് ചട്ടം. വളരെ അകലെയുള്ള വാർഡുകളിൽ നിന് രോഗികളെയും കൊണ്ടുവന്ന് കൗണ്ടറിൽ എങ്ങനെ ക്യൂ നിൽക്കുമെന്നാണ് ചോദ്യം. തീരെ അവശനിലയിലുള്ള രോഗികൾ, ആശുപതി സൂപ്രണ്ടിന്‍റെ സത്യവാങ്മൂലം എഴുതി വാങ്ങിയാൽ മതിയെന്ന് അധികൃതർ പറയുന്നുണ്ട്. പക്ഷെ മെഡിക്കൽ കോളേജ് പോലെ തിരക്കേറിയ സ്ഥലങ്ങളിൽ ഇതെത്രമാത്രം പ്രായോഗികമെന്നും ചോദ്യം ഉയരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam