ട്രഷറി തട്ടിപ്പിന് വഴിയൊരുക്കിയത് ഉദ്യോഗസ്ഥ അനാസ്ഥ; പിഴവ് നേരത്തെ കണ്ടെത്തി, പരിഹാരമുണ്ടായില്ല, രേഖകൾ പുറത്ത്

By Web TeamFirst Published Nov 14, 2020, 7:39 AM IST
Highlights

സോഫ്റ്റ്വെയറിൽ പിഴവുണ്ടെന്ന് കഴിഞ്ഞ നവംബറിൽ തന്നെ ട്രഷറി വകുപ്പ് ഡയറക്ടർക്ക് അറിയാമായിരുന്നുവെന്ന രേഖയാണ് പുറത്തു വന്നത്. ബാലൻസ് ഇല്ലാത്ത അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച വിവരമറിയിച്ച് കഴിഞ്ഞ നവംബറിൽ  സംസ്ഥാനട്രഷറി ഡയറക്ടർക്ക് ലഭിച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

തിരുവനന്തപുരം:ട്രഷറി വകുപ്പിൽ കോടികളുടെ തട്ടിപ്പിന് വഴിയൊരുക്കിയത് ട്രഷറി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് വ്യക്തമാക്കി രേഖകൾ. സോഫ്റ്റ്വെയറിൽ പിഴവുണ്ടെന്ന് കഴിഞ്ഞ നവംബറിൽ തന്നെ ട്രഷറി വകുപ്പ് ഡയറക്ടർക്ക് അറിയാമായിരുന്നുവെന്ന രേഖയാണ് പുറത്തു വന്നത്. ബാലൻസ് ഇല്ലാത്ത അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച വിവരമറിയിച്ച് കഴിഞ്ഞ നവംബറിൽ സംസ്ഥാനട്രഷറി ഡയറക്ടർക്ക് ലഭിച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ഈ വർഷം ജൂലൈ 27നാണ് വഞ്ചിയൂർ സബ് ട്രഷറിയിൽ നടന്ന 2.73 കോടി രൂപയുടെ തട്ടിപ്പ് പുറത്ത് വരുന്നത്. സോഫ്റ്റ്വെയറിലെ പാകപ്പിഴ മുതലാക്കി  ഓവർ‍ഡ്രാഫ്റ്റ് എടുത്തുവെന്നാണ്  ട്രഷറി വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ പണമില്ലാത്ത അക്കൗണ്ടിൽ നിന്നും പണമെടുക്കാൻ കഴിയുന്നതാണ് സോഫ്റ്റ്വെയറിെന്ന് കഴിഞ്ഞ നവംബറിൽ തന്നെ ട്രഷറി ഡയറക്ടർക്ക് അറിയാമായിരുന്നു. 

ഈ തട്ടിപ്പ് പുറത്ത് വരുന്നതിനും 9 മാസം മുൻപ് കാസർകോട് ജില്ലാ ട്രഷറി ഓഫീസർ ഡയറക്ടർക്കയച്ച കത്ത് പുറത്ത് വന്നു. എക്സൈസ് ഓഫീസിലെ വനിതാ സിവിൽ ഓഫീസറുടെ ട്രഷറി സേവിംഗ്സ്  അക്കൗണ്ടിൽ നിന്ന് അധികമായി 48476 രൂപ പിൻവലിച്ചു. എന്നാൽ അധികതുകയാണ് പിൻവലിച്ചതെന്ന് മനസിലായ  ഈ ഓഫീസർ  പിഴവ് ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോഴാണ് ട്രഷറി ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യം അറിയുന്നത്.

സോഫ്റ്റ്വെയറിലെ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസിലായ ജില്ലാ ട്രഷറി ഓഫീസർ ഇക്കാര്യം ട്രഷറി ഡയറക്ടറെ അറിയിച്ചു. ഒരു മാസത്തിന് ശേഷം നൽകിയ മറുപടിയിൽ  സാങ്കേതിക തകരാറാണെന്ന് ശരി വച്ച ഡയറക്ടർ അവരുടെ ശമ്പളം വരുമ്പോൾ അധികമായെടുത്ത തുക പിൻവലിക്കാൻ നിർദ്ദേശം നൽകി ഫയൽ ക്ലോസ് ചെയ്തു. അതായത് ഇക്കാര്യത്തിൽ വിശദമായ പരിശോധനയോ വിലയിരത്തലോ അന്നുണ്ടായില്ല. അന്ന് തന്നെ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ  വകുപ്പിന് നാണക്കേടാകുന്ന തട്ടിപ്പ് നടക്കില്ലായിരുന്നുവെന്ന് സാരം.  ഇപ്പോഴും ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. തട്ടിപ്പിൽ ഉന്നതർക്ക് ബന്ധമില്ലെന്ന് പറഞ്ഞ് വിജിലൻസ് അന്വേഷണവും ഇപ്പോൾ ധനവകുപ്പ് തള്ളിയിരിക്കുയാണ്.

click me!