
തിരുവനന്തപുരം: വിദേശ യാത്ര വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കാലിത്തൊഴുത്ത് നിര്‍മാണത്തിന് ടെണ്ടര്‍ വിളിച്ചതിന്‍റെ രേഖ പുറത്ത്. തകര്‍ന്ന മതില്‍ നിര്‍മ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് രേഖ.
മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അരക്കോടിയോളം രൂപ ചെലവിട്ട് പുതിയ കാലിത്തൊഴുത്ത് നിര്‍മിക്കുന്നുവെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. തകര്‍ന്ന മതില്‍ പുതുക്കി പണിയാന്‍ വേണ്ടിയാണ് പണം അനുവദിച്ചത് എന്നാണ് കഴിഞ്ഞ ഫെബ്രുവരി 9 ന് വാര്‍ത്താസമ്മേളനത്തിനിടെ ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് 2022 ജൂണില്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത് 42.9 ലക്ഷം രൂപയ്ക്ക് ചുറ്റുമതിലിന്‍റെ പുനര്‍നിര്‍മാണവും പുതിയ കാലിത്തൊഴുത്ത് നിര്‍മാണവും എന്നാണ്. ഈ രേഖകള്‍ നിലനില്‍ക്കെയാണ് വാര്‍ത്ത അവാസ്തവമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്.
സാമ്പത്തിക പ്രതിസന്ധിക്കിടെ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ചതും വിവാദമായിരുന്നു. 3.84 ലക്ഷം രൂപയാണ് മൂന്നാം ഘട്ട പരിപാലത്തിനായി ടൂറിസം വകുപ്പ് അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തൽകുള നവീകരണ ചുമതല. ഇതുവരെ 38 ലക്ഷം രൂപയാണ് നീന്തൽ കുളം നവീകരണത്തിന് അനുവദിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി ചെലവിട്ടത് 31,92, 360 രൂപയാണ്. കുളം നവീകരിച്ചെടുക്കാൻ ചെലവ് 18, 06, 789 രൂപയായി. മേൽക്കൂര പുതുക്കാനും പ്ലാന്‍റ് റൂം നന്നാക്കാനും 7,92,433 രൂപയായി.
കൂടാതെ വാര്‍ഷിക അറ്റകുറ്റ പണികൾക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു എന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതും നാശാവസ്ഥയിലുമായ നീന്തല്‍ കുളമാണ് നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിൽ അന്ന് പറഞ്ഞിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam