സ്വാശ്രയ എംബിബിഎസ് ഫീസ് കൂട്ടി: അര ലക്ഷം വീതം വർധന, പോരെന്ന് മാനേജ്‍മെന്‍റുകൾ

Published : Jul 06, 2019, 07:05 PM IST
സ്വാശ്രയ എംബിബിഎസ് ഫീസ് കൂട്ടി: അര ലക്ഷം വീതം വർധന, പോരെന്ന് മാനേജ്‍മെന്‍റുകൾ

Synopsis

ജസ്റ്റിസ് ആർ രാജേന്ദ്ര ബാബു അധ്യക്ഷനായ അഞ്ചംഗ ഫീസ് നിർണയ സമിതിയാണ് പുതിയ ഫീസ് ഘടന നിശ്ചയിച്ചത്. എല്ലാ കോളേജുകളിലും അര ലക്ഷം വീതം കൂടിയിട്ടുണ്ട്. 

തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് ഫീസ് കൂട്ടി. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയസമിതിയാണ് ഫീസ് കൂട്ടി നിശ്ചയിച്ചത്. മുൻവർഷത്തേക്കാൾ അരലക്ഷം രൂപ വീതം എല്ലാ കോളേജുകളിലും കൂടിയിട്ടുണ്ട്. എന്നാൽ ഈ ഫീസ് വർധന മതിയാകില്ലെന്നാണ് സ്വാശ്രയ മാനേജ്‍മെന്‍റുകളുടെ നിലപാട്. ഈ ഫീസ് നിരക്കിനെതിരെ ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് മാനേജ്‍മെന്‍റ് അസോസിയേഷൻ വ്യക്തമാക്കി. 

19 കോളേജുകളിലെ ഫീസ് ഘടനയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെയാകും ഫീസ്. ഫീസ് വർധന വേണമെന്ന മാനേജ്‍മെന്‍റുകളുടെ ആവശ്യം പരിഗണിച്ചാണ് അരലക്ഷം വീതം എല്ലാ കോളേജുകളിലും കൂട്ടിയിരിക്കുന്നത്. 

എന്നാൽ 85% സീറ്റുകളിലും 12 ലക്ഷം രൂപ ഫീസ് വേണമെന്നായിരുന്നു മാനേജ്‍മെന്‍റ് അസോസിയേഷനുകളുടെ ആവശ്യം. 15% എൻആർഐ സീറ്റിൽ 30 ലക്ഷം രൂപ ഫീസായി വേണമെന്നും അസോസിയേഷൻ സെക്രട്ടറി അനിൽ വള്ളിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഉയർന്ന ഫീസ് ഘടന സർക്കാർ അംഗീകരിച്ചാൽ 10 ശതമാനം ബിപിഎൽ വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജ്‍മെന്‍റുകളുടെ വാഗ്ദാനം. 

സ്വാശ്രയ മെഡിക്കൽ മാനേജ്‍മെന്‍റുകളുടെ എതിർപ്പ് അവഗണിച്ച് എംബിബിഎസ് പ്രവേശനം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ഫീസ് പ്രകാരം പ്രവേശനം നടത്താനായിരുന്നു സർക്കാർ ഉത്തരവിട്ടത്. ഫീസ് നിർണയ സമിതി പിന്നീട് നിശ്ചയിക്കുന്ന ഫീസ് നൽകാമെന്ന് വിദ്യാർത്ഥികളിൽ നിന്ന് എഴുതി വാങ്ങി പ്രവേശനം നടത്താനായിരുന്നു സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്.

കഴിഞ്ഞ വർഷം ഹൈക്കോടതി റദ്ദാക്കിയ ഫീസ് ഘടനയായതിനാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉടൻ തന്നെ മെഡിക്കൽ മാനേജ്‍മെന്‍റുകൾ വ്യക്തമാക്കിയിരുന്നു. നടപടിക്രമങ്ങളിലെ സാങ്കേതികപ്പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ ഹൈക്കോടതി സംസ്ഥാന സർക്കാർ മുന്നോട്ടു വച്ച ഫീസ് ഘടന റദ്ദാക്കിയത്. 

പിന്നീട് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കടുത്ത നിലപാടിൽ നിന്ന് മാനേജ്‍മെന്‍റുകൾ പിറകോട്ട് പോയി. തൽക്കാലം പ്രവേശന നടപടികളുമായി സഹകരിക്കുമെന്നും ഫീസ് നിർണയ സമിതി ഫീസ് തീരുമാനിക്കുന്നത് വരെ കോടതിയെ സമീപിക്കില്ലെന്നും മാനേജ്‍മെന്‍റുകൾ വ്യക്തമാക്കിയിരുന്നു. 

ഫീസ് നിർണയ സമിതി ഇപ്പോൾ തീരുമാനിച്ച ഫീസ്, മാനേജ്‍മെന്‍റുകൾ ആവശ്യപ്പെട്ടതിലും അ‍ഞ്ച് ലക്ഷം രൂപയെങ്കിലും കുറവാണ്. പുതിയ ഫീസ് ഘടനയോട് മാനേജ്‍മെന്‍റുകൾ യോജിക്കാൻ സാധ്യത തീരെക്കുറവാണ് താനും. സംസ്ഥാനസർക്കാരുമായി കൂടുതൽ ചർച്ചകൾ നടന്നാലും മാനേജ്‍മെന്‍റുകൾ വഴങ്ങാൻ സാധ്യതയുമില്ല. എന്തായാലും സ്വാശ്രയ എംബിബിഎസ് പ്രവേശനം വീണ്ടും കോടതി കയറുമെന്നുറപ്പായി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് പടയോടെയിറങ്ങി അരിച്ചുപെറുക്കി, കൂട്ടിന് എക്സൈസുകാരും; വ്യാപക പരിശോധനയിൽ പെരുമ്പാവൂരിൽ 9 കേസെടുത്തു
'2026 ൽ കോൺഗ്രസ് ജയിക്കില്ല, ലീഗ് ഒരുപക്ഷേ ജയിക്കുമായിരിക്കും', ജനങ്ങളെ വഞ്ചിക്കുന്ന രാജ്യത്തെ ഒരേയൊരു പാർട്ടി കോൺഗ്രസ്: രാജീവ് ചന്ദ്രശേഖർ