ചേട്ടനെ തിരഞ്ഞുവന്ന കഞ്ചാവ് മാഫിയ അനിയനെ വെട്ടിയ കേസ്; മൂന്ന് പേർ അറസ്റ്റിൽ

By Web TeamFirst Published Jul 6, 2019, 6:58 PM IST
Highlights

തങ്ങളുടെ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്ന സംശയത്തിൽ ചേട്ടനെ ആക്രമിക്കാനെത്തിയ സംഘമാണ് അനിയനെ വെട്ടിയത്

കായംകുളം: കൃഷ്ണപുരത്ത് അമ്മയുടെ മുന്നിലിട്ട് 17 കാരനായ വിദ്യാര്‍ഥിയെ വെട്ടിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വള്ളിക്കുന്നം സ്വദേശി സിനു, ഓച്ചിറ സ്വദേശികളായ തരുൺ ജി കൃഷ്ണൻ, ആദർശ് രാജ് എന്നിവരാണ് അറസ്റ്റിലായത്. കൃഷ്ണപുരം ഞക്കനാല്‍ സ്വദേശിയായ 17കാരനായിരുന്നു വെട്ടേറ്റത്.

ഇയാളുടെ സഹോദരനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘമാണ് വെട്ടിയത്. തങ്ങളുടെ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്ന സംശയത്തിലാണ് ആക്രമിക്കാനത്തിയത്. ആദ്യം സംഘമെത്തിയപ്പോള്‍ ഇയാള്‍ വീട്ടിലില്ലായിരുന്നു.

മടങ്ങിപ്പോയ സംഘം വീണ്ടും യുവാവിനെ അന്വേഷിച്ചെത്തി. യുവാവ് എത്തിയില്ലെന്ന് അമ്മ പറഞ്ഞെങ്കിലും ഇതു വകവയ്ക്കാതെ സംഘം വാതില്‍ തള്ളിത്തുറന്ന് വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നു.

തടയാന്‍ ശ്രമിച്ച അമ്മയെ ഇവര്‍ തള്ളിയിട്ടു. തുടര്‍ന്നാണ് ഈ സമയം വീട്ടിലുണ്ടായിരുന്ന 17കാരനെ വെട്ടിയത്. വടിവാള്‍ കൊണ്ടുള്ള വെട്ടില്‍ കൈകള്‍ക്കും കാലിനുമായി നാല് വെട്ടേറ്റു. വെട്ടിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. 

പരിക്കേറ്റ വിദ്യാര്‍ഥിയെ താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമിസംഘത്തില്‍പ്പെട്ട ചിലരെ തിരിച്ചറിയാമെന്ന് വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരുന്നു. ഇയാളുടെ സഹോദരന്‍ പല കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ആക്രമിക്കാന്‍ വന്നവര്‍ കഞ്ചാവ് മാഫിയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. 

click me!