
കൊച്ചി: മറൈൻ ഡ്രൈവിലെ പുതിയ ഓഫീസ് മന്ദിരം ജപ്തി ചെയ്ത കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ കൊച്ചി നഗരസഭയുടെ തീരുമാനം. കൊച്ചി രാജകുടുംബത്തിന് സ്ഥലം ഏറ്റെടുത്ത് നൽകിയതിൽ പ്രതിഫലം കുറഞ്ഞെന്ന കേസിലാണ് നഗരസഭ തിരിച്ചടി നേരിട്ടത്. കേസ് എറണാകുളം സബ് കോടതി വരുന്ന പതിനാലാം തിയതി വീണ്ടും പരിഗണിക്കും.
നിർമ്മാണം പുരോഗമിക്കുന്ന പുതിയ ഓഫീസ് മന്ദിരത്തിൽ കഴിഞ്ഞ ദിവസമാണ് ജപ്തി നോട്ടീസ് പതിച്ചത്. കൊച്ചി രാജകുടുംബത്തിലെ 720 അംഗങ്ങൾ ഉൾപ്പെടുന്ന പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡുമായാണ് കേസ്. 1987ലാണ് എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ ഒരേക്കർ 28 സെന്‍റ് സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സെന്‍റിന് 20,700 രൂപ നൽകിയാണ് സർക്കാർ അന്ന് ഭൂമി ഏറ്റെടുത്തത്. 1.76കോടി രൂപ ആദ്യ ഗഡുവായി നഗരസഭ കൈമാറി. എന്നാൽ ഈ വില പോരെന്ന പരാതിയുമായി പാലസ് അഡ്മിസ്ട്രേഷൻ ബോർഡ് കോടതിയെ സമീപിച്ചു. 2011ലാണ് സെന്‍റിന് 74,868 രൂപ പുതുക്കി നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ 9 വർഷമായിട്ടും ഇത് നടപ്പായില്ല.കുടിശിക 3.31കോടി രൂപയായി. തുടർന്നാണ് പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡ് ഉത്തരവ് നടപ്പിലാക്കാൻ സബ് കോടതിയെ സമീപിച്ചത്.
പക്ഷേ, കോർപ്പറേഷന് വേണ്ടി അഭിഭാഷകർ ആരും കേസിൽ ഹാജരായില്ല.പഴയ കേസ് ആയതിനാൽ നടപടികളെടുക്കുന്നതിൽ നഗരസഭയുടെ ഉദ്യോഗസ്ഥ തലത്തിലും വീഴ്ചകൾ സംഭവിച്ചു. തുടർന്നാണ് കുടിശിക ഈടാക്കാൻ പുതിയ ഓഫീസ് മന്ദിരവും സ്ഥലവും,ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. എന്നാൽ ഈ സ്ഥലത്തിന്‍റെ നിലവിലെ ഉടമസ്ഥർ കൊച്ചി നഗരസഭയല്ല. മൂന്നര കോടിയിലധികം രൂപക്ക് ഈ സ്ഥലം നേരത്തെ നഗരസഭ കൊച്ചിൻ ദേവസ്വം ബോർഡിന് വിറ്റിരുന്നു.ഇവരിൽ നിന്ന് എറണാകുളത്തപ്പൻ ശിവക്ഷേത്ര സമിതി ഈ ഭൂമി സ്വന്തമാക്കി.ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ കൊണ്ട് വരാനാണ് നഗരസഭയുടെ അവസാനവട്ട ശ്രമം. ഇതും അനുകൂലമായില്ലെങ്കിൽ നഗരസഭ മേൽക്കോടതിയെ സമീപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam