
ആലപ്പുഴ: നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് എതിരെ പ്രതിഷേധം ശക്തം. ആലപ്പുഴ ജില്ലയിൽ രണ്ടിടത്ത് പ്രതിഷേധ ബാനറുകൾ പ്രത്യക്ഷപ്പെട്ടു. കുട്ടനാട്ടിലെ മങ്കൊമ്പ് കോട്ടഭാഗത്തും അമ്പലപ്പുഴയിലെ കരുമാടിയിലുമാണ് സുകുമാരൻ നായർക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചത്.
കുട്ടനാട് മങ്കൊമ്പ് കോട്ടഭാഗം കരയോഗം ഓഫീസിന് മുന്നിലാണ് ഒരു പ്രതിഷേധ ബാനർ കെട്ടിയത്. കുടുംബകാര്യത്തിനായി സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർ സമുദായത്തിന് അപമാനമെന്നാണ് ബാനറിലെ വാചകങ്ങൾ. എന്നാൽ, ബാനറുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കരയോഗം ഭാരവാഹികൾ അറിയിച്ചു.
അമ്പലപ്പുഴ കരുമാടി കിഴക്കേമുറിയിലെ നായർ കുടുംബാംഗങ്ങളാണ് രണ്ടാമത്തെ പ്രതിഷേധ ഫ്ലെക്സ് സ്ഥാപിച്ചത്. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേടെന്നാണ് രണ്ടാമത്തെ ഫ്ലക്സ്. സംസ്ഥാന രാഷ്ട്രീയത്തിൽ സമുദായവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സ്വീകരിക്കുന്ന നിലപാടുകളോടുള്ള ശക്തമായ വിയോജിപ്പാണ് ഈ ബ്ലാനറുകളിലൂടെ പ്രകടമാകുന്നത്.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശരണം വിളിച്ചു കൊണ്ട് സുകുമാരൻ നായരുടെ കോലം കത്തിച്ചു. നെയ്യാറ്റിൻകര കളത്തറയ്ക്കൽ എൻ എസ് എസ് കരയോഗം ഭാരവാഹികളാണ് കരയോഗം ഓഫീസിന് മുന്നിൽ ശരണം വിളിച്ച് സുകുമാരൻ നായരുടെ കോലം കത്തിച്ചത്.