ആറ് പുതിയ ഉല്‍പ്പന്നങ്ങളുമായി മില്‍മ; പുറത്തിറക്കുന്നത് മലബാര്‍ യൂണിയന്‍

By Web TeamFirst Published Dec 3, 2019, 8:45 AM IST
Highlights

മില്‍മ മലബാര്‍ മേഖല യൂണിയന്‍റെ 30-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പുതിയ ആറ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയത്. 

കോഴിക്കോട്: മിൽമ മലബാർ മേഖലാ യൂണിയൻ ആറ് പുതിയ ഉൽപ്പന്നങ്ങൾ കൂടി വിപണിയിലിറക്കി. ഐസ്ക്രീം ഇനങ്ങളായ ബ്ലൂബറി, ചോക്കോ സ്റ്റിക്ക്, കുൽഫി എന്നിവക്കൊപ്പം ഇളനീരും പുതിയ ഉല്‍പ്പന്നങ്ങളിലുണ്ട്. കോഴിക്കോട്ട് നടന്ന ചടങ്ങില്‍ മന്ത്രി കെ രാജുവാണ് ഇവ പുറത്തിറക്കിയത്. മില്‍മ മലബാര്‍ മേഖല യൂണിയന്‍റെ 30-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പുതിയ ആറ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയത്. ബ്ലൂബറി, ചോക്കോ സ്റ്റിക്ക്, കുൽഫി സ്റ്റിക്ക്, ഇൻസ്റ്റന്‍റ് പായസം മിക്സ്, നെയ് ബിസ്കറ്റ്, ഇളനീര്‍ എന്നിവയാണ് പുതിയ ഉൽപ്പന്നങ്ങൾ. പ്രതിസന്ധി നേരിടുന്ന നാളികേര കര്‍ഷകര്‍ക്ക് കൈത്താങ്ങുക എന്ന ലക്ഷ്യത്തോടെയാണ് മില്‍മ ഇളനീര്‍ വിപണിയിലിറക്കിയത്. 

ആദ്യ ഘട്ടത്തില്‍ പാലക്കാട്ടെ നാളികേര കര്‍ഷകരില്‍ നിന്നാണ് ഇളനീര്‍ സംഭരിക്കുക. 200 മില്ലീ ലിറ്ററിന്‍റെ ഇളനീറിന് 30 രൂപയാണ് വില. ബ്ലൂബറി പഴത്തിൽ നിന്ന് തയ്യാറാക്കുന്ന ബ്ലൂബറി ഐസ്ക്രീം അര ലിറ്റർ, ഒരു ലിറ്റർ പാക്കിംഗിലാണ് മാർക്കറ്റിൽ ഇറക്കുന്നത്. ബ്ലൂബറി ഐസ്ക്രീം കുന്ദമംഗലത്തിനടുത്ത് പെരിങ്ങൊളത്തുളള കോഴിക്കോട് ഡയറിയിൽ നിന്നും, ചോക്കോ സ്‌റ്റിക്ക്, കുൽഫി സ്റ്റിക്ക്, വീറ്റ് അട എന്നിവ കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന വയനാട് ഡെയറിയിൽ നിന്നും, നെയ് ബിസ്ക്കറ്റ്, ഇളനീര്‍ എന്നിവ ബേപ്പൂരിനടുത്ത നടുവട്ടത്തുളള സെൻട്രൽ പ്രൊഡക്ട് ഡയറിയിൽ നിന്നുമാണ് വിപണിയിലെത്തിക്കുക. പുതിയ ഉൽപ്പന്നങ്ങളെല്ലാം ഡിസംബർ 10 നകം എല്ലാ മിൽമ സ്റ്റാളുകളിലും ലഭ്യമാവും.  


 

click me!