സപ്ലൈക്കോയില്‍ കള്ളക്കളി: ഇ ടെന്‍ഡര്‍ റദ്ദാക്കി അരി വാങ്ങല്‍, വിചിത്ര വിശദീകരണം

By Web TeamFirst Published Dec 3, 2019, 8:41 AM IST
Highlights

 പ്രളയം,ആഭ്യന്തര പ്രശ്നങ്ങൾ,ഉത്സവകാല ക്ഷാമം തുടങ്ങിയ സമയങ്ങളിൽ മാത്രം സിവിൽസപ്ലൈസ് കോർ‍പ്പറേഷൻ കൈകൊള്ളുന്ന എമർജൻസി പർച്ചേസ് സാധാരണ മാസമായ നവംബറിൽ നടത്തി.എന്തായിരുന്നു അടിയന്തര സാഹചര്യം എന്നതിന്....

തിരുവനന്തപുരം: നവംബർ മാസമാദ്യം നിശ്ചയിച്ച ഇ-ടെൻഡ‍ർ റദ്ദാക്കി സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ  അരി വാങ്ങൽ. അടിയന്തര സാഹചര്യം ചൂണ്ടികാട്ടി ടെൻഡർ നടപടികൾ മറികടന്ന് നവംബറിൽ 350 ടണ്‍ അരിയാണ് സിവിൽസപ്ലൈസ്  കോർപ്പറേഷൻ വാങ്ങിയത്.

പതിവില്ലാത്ത അടിയന്തര സാഹചര്യം ചൂണ്ടികാട്ടിയാണ് സപ്ലൈസ് കോര്‍പ്പറേഷന്‍റെ ഈ അരിവാങ്ങൽ. വിതരണക്കാരിൽ നിന്ന് അരിയും ധാന്യങ്ങളും പഞ്ചസാരയും വാങ്ങാൻ നവംബർ അഞ്ചിന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഇ-ടെൻഡർ നിശ്ചയിച്ചു.എന്നാൽ നാലാംതീയതി പരമ്പരാഗത വിതരണക്കാരെയെല്ലാം ഞെട്ടിച്ച് സപ്ലൈക്കോ ഇ ടെൻഡർ റദ്ദാക്കിയതിന്‍റെ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ടെൻഡർ നടപടികൾ റദ്ദാക്കി സപ്ലൈക്കോ പിന്നീട് കൈകൊണ്ട നടപടിയാണ് വിചിത്രം. പ്രളയം,ആഭ്യന്തര പ്രശ്നങ്ങൾ,ഉത്സവകാല ക്ഷാമം തുടങ്ങിയ സമയങ്ങളിൽ മാത്രം സിവിൽസപ്ലൈസ് കോർ‍പ്പറേഷൻ കൈകൊള്ളുന്ന എമർജൻസി പർച്ചേസ് സാധാരണ മാസമായ നവംബറിൽ നടത്തി.എന്തായിരുന്നു അടിയന്തര സാഹചര്യം എന്നതിന് കോർപ്പറേഷന് വിചിത്രമായ വിശദീകരണവും ഉണ്ട്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില കൂടിയപ്പോള്‍ ആളുകളൊക്കെ വന്ന് ധാരാളം അരി വാങ്ങിപ്പോയി. പരിഭ്രാന്തരായിട്ട് ജനങ്ങള്‍ അറി വന്‍തോതില്‍ വാങ്ങുന്നത് തുടര്‍ന്നു. അങ്ങനെയാണ് അടിയന്തര സാഹചര്യം വന്നത്. ഇതാണ് വിശദീകരണം. 

ടെൻഡറില്ലാതെ രണ്ട് വിതരണക്കാരിൽ നിന്നും മാത്രമാണ് യഥേഷ്ടം അരിയിറക്കിയത്. എമർജൻസി പർച്ചേസിനുള്ള പ്രത്യേക അധികാരങ്ങൾ കോടികളുടെ ഇടപാടിന് തടസമായതുമില്ല. ഈ അരിവാങ്ങലിന് പിന്നാലെ നവംബർ 22ന് ചട്ടപ്രകാരം ഇടെൻഡറും വിളിച്ചു. നിലവിൽ നൽകുന്നതിനെക്കാൾ കൂടുതൽ സ്റ്റോക്കാണ് പരമ്പരാഗത വിതരണക്കാരോട് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആവശ്യപ്പെടുന്നത്. ഇത് നൽകാൻ കഴിയാതെ പലർക്കും ഇടപാടുകൾ നിർത്തേണ്ട സാഹചര്യമാണുള്ളത്. പുതിയ നിർദ്ദേശങ്ങൾ വൻകിട വിതരണക്കാരെ സഹായിക്കാനാണെന്ന  ആക്ഷേപവും ഉയർന്നുകഴിഞ്ഞു.

click me!