
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയായ യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പൊലീസ്. തൃശ്ശൂർ സ്വദേശിയായ യുവാവുമായി യുവതിക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫോണിൽ നിന്നടക്കമുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം യുവാവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടപടികള്‍ തുടങ്ങി.
ചോദ്യം ചെയ്യലിൽ കുഞ്ഞിന്‍റെ അമ്മയായ 23 കാരി കുറ്റം സമ്മതിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ മാധ്യമങ്ങളോട് പ്രതകരിച്ചിരുന്നു. ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ സമീപത്തെ ഫ്ലാറ്റിലെ താമസക്കാരിയായ അമ്മ കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നു. കൊലപാതകമാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മകൾ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾക്ക് അറിയുമായിരുന്നില്ലെന്നാണ് നിഗമനം.
ഇന്ന് പുലര്‍ച്ചെയായിരുന്നു പ്രസവം നടന്നത് എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. ഗര്‍ഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. യുവതിയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam