
തിരുവനന്തപുരം: വാർത്താവിലക്ക് കേസിൽ റിപ്പോർട്ടർ ടി വി ഉടമകളെ കോടതിയിൽ തള്ളിപ്പറഞ്ഞ് അഭിഭാഷകൻ. തന്‍റെ കക്ഷികൾ കേരളത്തിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിൽ പ്രതികളാണെന്ന കാര്യം അറിയില്ലായിരുന്നു. ആ വിവരം അറിയാതെയാണ് കേസുകൾ സംബന്ധിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന അപേക്ഷ കോടതിയിൽ നൽകിയതെന്നും ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയെ അഭിഭാഷകൻ അറിയിച്ചു. ഇതുൾപ്പെടെ പരാതിക്കാരുടെ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി നീതിന്യായ പ്രക്രിയയുടെ കടുത്ത ദുരുപയോഗം എന്നാണ് വാർത്താ വിലക്ക് ഹർജിയെ വിശേഷിപ്പിച്ചത്.
ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ റിപ്പോർട്ടർ ടി വി ഉടമകൾ നൽകിയ അപേക്ഷയിലെ വാദത്തിനിടയിലാണ് കക്ഷികളുടെ ഭൂതകാല ചെയ്തികളെപ്പറ്റി അറിവില്ലായിരുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് കേസുകളിൽ റിപ്പോർട്ടർ ഉടമകൾ പ്രതിയാണെന്ന കാര്യം അറിയാതെയാണ് വാർത്താ വിലക്ക് ഹർജി ഫയൽ ചെയ്തതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാർത്താ വിലക്ക് ഉത്തരവ് നേടുകയാണ് റിപ്പോർട്ടർ ഉടമകൾ ചെയ്തതെന്ന ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ വാദത്തിന് മറുപടിയായാണ് തന്നെയും കക്ഷികൾ കബളിപ്പിക്കുകയായിരുന്നെന്ന് അഭിഭാഷകൻ വ്യക്തമാക്കിയത്.
പ്രസിദ്ധീകരിച്ച വാർത്തകളുടെ ആധികാരികത തെളിയിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് സമർപ്പിച്ച രേഖകൾ സ്വീകരിച്ച ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതി അവയുടെ വിശദമായ പരിശോധനയിലേക്ക് കടന്നില്ല. എന്നാൽ, ഒരു കാരണവും വ്യക്തമാക്കാതെ വാർത്താവിലക്ക് ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിയത് ഒട്ടും സദുദ്ദേശപരമല്ലാത്ത നടപടിയായിരുന്നു ഹർജിക്കാരുടേത് എന്ന് വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം രീതികൾക്ക് തടയിടേണ്ടത് കോടതിയുടെ കടമയാണെന്ന് പറഞ്ഞാണ് ഹർജിക്കാർക്ക് പതിനായിരം രൂപ പിഴ ചുമത്തിയത്.റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരായി മാധ്യമങ്ങളിലും വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും വന്ന വാർത്തകൾ നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു റിപ്പോർട്ടർ ടിവി ബെംഗളൂരു കോടതിയെ സമീപിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ നൽകിയ വാർത്തകളടങ്ങിയ 900 ലേറെ ലിങ്കുകൾ ഇടക്കാല ഉത്തരവിന്‍റെ ബലത്തിൽ നീക്കം ചെയ്തിരുന്നു. ഈ ലിങ്കുകളെല്ലാം ഒരാഴ്ചയ്ക്കുള്ളിൽ പുനഃസ്ഥാപിക്കണമെന്നാണ് ഉത്തരവ്. വാർത്താ വിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതി പതിനായിരം രൂപയാണ് പിഴയിട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam