
വിവാഹ അഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി യുവാവ്. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാർകോട് സ്വദേശി ഗിരീഷ് അറസ്റ്റിലായി. നാലുവർഷമായി യുവതിയും ഗിരീഷും തമ്മിൽ അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി വന്നതിനു ശേഷം ബസ് ഡ്രൈവർ ആയ ഗിരീഷിനെ ഒഴിവാക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണം. ഇന്നലെ വൈകിട്ട് മദ്യലഹരിയിൽ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റവർ നെന്മാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആലത്തൂർ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.
പേരൂർക്കടയിലെ വ്യാജ മോഷണക്കേസിൽ പൊലീസ് തിരക്കഥ അക്കമിട്ട് പറയുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്. കാണാതായ മാല വീടിന്റെ സോഫയ്ക്കടിയിൽ നിന്നും കിട്ടിയെന്ന് പരാതിക്കാരി ഓമന ഡാനിയലും മകളും സ്റ്റേഷനിലെത്തി എസ്ഐ പ്രസാദിനോട് പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. ബിന്ദുവിനെതിരെ കള്ളക്കേസെടുത്തതിനാൽ വീടിന് പിന്നിലെ ചവർ കൂനയിൽ നിന്നും മാലകിട്ടിയെന്ന വ്യാജമൊഴി തയ്യാറാക്കി ഓമനയിൽ നിന്നും പൊലിസ് ഒപ്പിട്ട് വാങ്ങിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് അന്വേഷണ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷന് നൽകിയത്.
തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമുയർത്തുന്ന ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദസന്ദേശം പുറത്ത്. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന് ശരത്പ്രസാദ് ശബ്ദസന്ദേശത്തിൽ പറയുന്നത്. ഏരിയാ സെക്രട്ടറിക്ക് പരമാവധി 10, 000 രൂപയാണ് പിരിവ് നടത്തിയാൽ മാസം കിട്ടുന്നത്. ജില്ലാ ഭാരവാഹി ആയാൽ അത് ഇരുപത്തി അയ്യായിരത്തിന് മുകളിലാവും. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. മുമ്പ് കപ്പലണ്ടി കച്ചവടം ആയിരുന്നു. അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് എ സി മൊയ്തീൻ എന്നും ശരത് പ്രസാദ് ശബ്ദസന്ദേശത്തിൽ പറയുന്നു.
ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം. കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കെടി പ്രമീളയ്ക്കെതിരെയാണ് പാർട്ടി തല നടപടി. ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് ആണ് തരംതാഴ്ത്തിയത്. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനും ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയതിനുമാണ് നടപടി. നിർധന കുടുംബത്തിന് സുരേഷ് ഗോപി എംപിയുടെ നേതൃത്വത്തിൽ നിർമ്മിച്ച നൽകിയ വീടിൻ്റെ താക്കോൽദാന പരിപാടിയിൽ ആയിരുന്നു പ്രസിഡണ്ട് പങ്കെടുത്തത്.
ബീഹാറിനു പിന്നാലെ കേരളത്തിലും തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം ഉറപ്പായി. അടുത്ത മാസം തുടങ്ങും. ആധാർ രേഖയായി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
തിരുത്തേണ്ട കാര്യങ്ങൾ എല്ലാം തിരുത്താൻ തയാറെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി ബിനോയ് വിശ്വം. പ്രതിനിധികൾ ഉന്നയിച്ച രൂക്ഷ വിമർശനങ്ങൾക്ക് മറുപടി. തൃശ്ശൂർ പരാജയം വലിയ മുറിവാണ്. ലോക്കപ്പ് മർദ്ദനത്തിൽ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് തുടരും. കെഇ ഇസ്മയിലിനെ ക്ഷണിക്കാത്തത് യോഗ്യത ഇല്ലാത്തതിനാൽ എന്നും ബിനോയ് വിശ്വം പ്രതികരിച്ചു. സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വം തുടരും. പുതിയ സംസ്ഥാന കൗൺസിൽ നിന്ന് മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്, കെ.കെ ശിവരാമൻ എന്നിവരെ ഒഴിവാക്കി. അതൃപ്തി പരസ്യമാക്കി മീനാങ്കൽ കുമാർ.
മലപ്പുറത്ത് അവധിയെടുത്തതിന് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂരമർദനം. കടുങ്ങാത്തുകുണ്ട് BYKHS സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെയാണ് ടീച്ചർ ക്രൂരമായി തല്ലിയത്. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam