സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു.
തൃശൂർ: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണമുയർത്തി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് എം കെ കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്. അഞ്ച് വര്‍ഷം മുമ്പുള്ള ശബ്ദ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് ശരത് പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
സിപിഎമ്മിന് കുരുക്കായി ശബ്ദ സന്ദേശം
ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് മറ്റൊരു പ്രവർത്തകനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. അഞ്ച് കൊല്ലം മുമ്പ് റെക്കോർഡ് ചെയ്യപ്പെട്ട സന്ദേശമാണ് ഇതെന്ന് ശരത് പ്രസാദ് സമ്മതിച്ചിട്ടുണ്ട്. കരുവന്നൂർ തട്ടിപ്പിൽ ഉൾപ്പെട്ട് അന്വേഷണ നിഴലിൽ നിൽക്കുന്ന എ സി മൊയ്തീൻ, എം കെ കണ്ണൻ, അനൂപ് ഡേവിസ് കാട എന്നിവരെയാണ് ശരത് പ്രസാദ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. സിപിഎം നേതാക്കൾ സമ്പത്ത് ഉണ്ടാക്കുന്നതിനെ പറ്റിയും ശരത്ത് വിശദീകരിക്കുന്നുണ്ട്. പ്രതിമാസം ഏരിയ സെക്രട്ടറിക്ക് പതിനായിരം സമ്പാദിക്കാൻ ആയാൽ സംസ്ഥാന കമ്മിറ്റി അംഗത്തിന് അത് ഒരു ലക്ഷം വരെ ആണെന്നും ശരത്ത് പറയുന്നു. കപ്പലണ്ടി കച്ചവടം നടത്തിയ എം.കെ. കണ്ണൻ ശതകോടീശ്വരനായ രാഷ്ട്രീയം കൊണ്ടാണെന്നും ശരത്ത് പറയുന്നു. എസി മൊയ്തീനെ അപ്പർ ക്ലാസ് ഡീലർ എന്നാണ് ശരത് വിശേഷിപ്പിക്കുന്നത്. ശരത് പ്രസാദ് കൂടി ഉൾപ്പെട്ട മണ്ണുത്തി സിപിഎം ഏരിയ കമ്മിറ്റി കീഴിലുള്ള ഏഴ് സഹകരണ സംഘങ്ങളിൽ സിപിഎം നേതാക്കൾ കോടികളുടെ അഴിമതി നടത്തിയെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
നിബിൻ സുനിവാസനെ കഴിഞ്ഞ സമ്മേളനത്തോടെ ഏരിയാ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുന്നതിന് പിന്നിൽ ശരത് ആണ് പ്രവർത്തിച്ചതെന്ന് ആരോപണം ഉണ്ടായിരുന്നു. പാർട്ടിയിലെ ചേരിപ്പോരിനെ തുടർന്നാണ് ശരത്തിന്റെ പഴയ ശബ്ദ സന്ദേശവും പുറത്തുവന്നത്. ശരത് തന്നോട് പറഞ്ഞ കാര്യങ്ങളാണ് ശബ്ദ സന്ദേശത്തിൽ ഉള്ളതെന്ന് നിബിൻ ശ്രീനിവാസൻ സമ്മതിച്ചു. നേതാക്കളുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും സഹകരണ തട്ടിപ്പിനെ കുറിച്ചും നേരത്തെ പ്രതിപക്ഷം നേരത്തെ ഉയർത്തിയ അതേ കാര്യങ്ങൾ തന്നെയാണ് ശരത് പറഞ്ഞത് എന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. കരുവന്നൂരിൽ മറുപടി പറയാൻ വിയർത്ത നേതൃത്വം യുവജന സംഘടനയുടെ ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ നിരായുധരായി നിൽക്കുകയാണ്.



