
തിരുവനന്തപുരം: കേരളത്തിലെ 2 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, കാസർകോഡ് ജില്ലകളിൽ രാത്രി അതിശക്ത മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഈ ജില്ലകളിൽ അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കാസർകോട് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും (>15mm/hr) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കേരളത്തിൽ ഇക്കുറി തുലാവർഷം തുടക്കത്തിൽ തന്നെ കനക്കാൻ സാധ്യത. തുലാവർഷത്തിന്‍റെ തുടക്കത്തിൽ തന്നെ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നതും മഴ കനക്കാനുള്ള സാധ്യതയാണ് സൃഷ്ടിക്കുന്നത്. ബംഗാൾ ഉൾകടലിന് മുകളിൽ നിലവിലുള്ള ചക്രവാത ചുഴി അറബിക്കടലിൽ കേരള തെക്കൻ കർണാടക തീരത്തിന് സമീപം ഞായറാഴ്ചയോടെ എത്തിച്ചേർന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ അടുത്ത 5 ദിവസവും കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
14/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
15/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
16/10/2025 & 17/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
18/10/2025 : പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.