ആരാകും അടുത്ത യൂത്ത് കോൺഗ്രസ് അധ്യക്ഷൻ; തർക്കം ഒഴിവാക്കാൻ പുതിയ ഫോർമുലയുമായി എ ഗ്രൂപ്പ്, കെ എം അഭിജിത്തിന് വേണ്ടി നീക്കം

Published : Aug 26, 2025, 01:13 PM ISTUpdated : Aug 26, 2025, 01:22 PM IST
Youth Congress president ‌

Synopsis

കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെ പ്രസിഡന്റ്‌ ആക്കാനും നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനുമാണ് എ ഗ്രൂപ്പിന്‍റെ നിർദ്ദേശം.

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഫോർമുലയുമായി എ ഗ്രൂപ്പ്. കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെ പ്രസിഡന്റ്‌ ആക്കാനും നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനുമാണ് നിർദ്ദേശം. കെ സി വേണുഗോപാൽ ഗ്രൂപ്പിൽ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറൽ സെക്രട്ടറിയാക്കി ഉയർത്തണമെന്നാണ് എ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്. എ ഗ്രൂപ്പിന്റെ ഫോർമുലയിൽ സംസ്ഥാനത്തെ പ്രധാന നേതാക്കൾ ഇന്ന് മുതൽ കൂടിയാലോചന ആരംഭിക്കും.

സംഘടനാ തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട ചട്ടങ്ങളിൽ ഇരു ഗ്രൂപ്പുകൾക്കും ഇളവ് നൽകിയാണ് പുതിയ ഫോർമുല മുന്നോട്ട് വെക്കുന്നത്. സംഘടനയിൽ പതിറ്റാണ്ടായി മേൽക്കൈയുള്ള എ ഗ്രൂപ്പ്, അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കില്ല. കെ എം അഭിജിത്തിന്റെ പേര് മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. ഗ്രൂപ്പ് നേതാക്കൾ ഒറ്റക്കെട്ടായി ഈ അഭിപ്രായം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷനെ തീരുമാനിക്കുന്ന മാതൃകയിൽ പാനൽ തയ്യാറാക്കി അഭിമുഖത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് ചട്ടത്തെ ബാധിക്കില്ലെന്നാണ് പോംവഴിയായി പറയുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്ന ഐ ഗ്രൂപ്പിൽ നിന്നുള്ള അബിൻ വർക്കിയെയും നിരാശപ്പെടുത്തില്ല. ദേശീയ ജനറൽ സെക്രട്ടറിയായി അബിനെ പ്രഖ്യാപിക്കാൻ അവിടെയും തെരഞ്ഞെടുപ്പ് ചട്ടത്തിൽ ഇളവ് നൽകും.

നിലവിൽ ദേശീയ സെക്രട്ടറിയായ ബിനു ചുള്ളിയിലിനെയും ജനറൽ സെക്രട്ടറിയായി ഉയർത്തും. ഈ മൂന്ന് യുവജന നേതാക്കളുടെയും പാനൽ തയ്യാറാക്കി അഭിമുഖത്തിലൂടെയാകും തീരുമാനം. എ ഗ്രൂപ്പ് മുന്നോട്ടുവച്ച ഫോർമുലയെ രമേശ് ചെന്നിത്തല കെസി വേണുഗോപാൽ ഗ്രൂപ്പുകൾ തള്ളില്ലെന്നാണ് സൂചന. അബിൻ വർക്കിക്ക് വേണ്ടി ചെന്നിത്തല കടുത്ത സമ്മർദ്ദം ഉയർത്തുന്നുണ്ടെങ്കിലും ബിനു ചുള്ളിയിലിനായി കെ സി വേണുഗോപാൽ ഇതുവരെ പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ല. കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും അധ്യക്ഷസ്ഥാനത്തേക്ക് പ്രത്യേക പേരുകളില്ല. സംസ്ഥാനത്തുണ്ടാകുന്ന സമന്വയത്തിലൂടെയാകും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുക.

PREV
Read more Articles on
click me!

Recommended Stories

കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു
പി എം ശ്രീയിലെ ഇടപെടല്‍; ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി, 'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'