പരാതിക്കാരോട് മോശമായി പെരുമാറിയ നെയ്യാർ ഡാം പൊലീസ് എഎസ്ഐക്ക് സസ്പെൻഷൻ

By Web TeamFirst Published Nov 28, 2020, 6:13 PM IST
Highlights

സുദേവിന്റെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനല്ല ഗോപകുമാർ. മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപകുമാർ അധിഷേപിച്ചത്

തിരുവനന്തപുരം: നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച എഎസ്ഐയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. സംഭവത്തിൽ റേഞ്ച് ഡിഐജി പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ. എഎസ്ഐ ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോപകുമാർ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാർശ ചെയ്തു. ഇതിന് പിന്നാലെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നത്. 

സുദേവിന്റെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനല്ല ഗോപകുമാർ. മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപകുമാർ അധിഷേപിച്ചത്. ഇതിനാല്‍ മേലുദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡിഐജി ശുപാര്‍ശ ചെയ്തു. റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരിദ്ദിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ അന്വേഷണവും കൂടുതൽ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവനും നെടുമങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകി. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അറിയിച്ചു. 

കുടുംബപ്രശ്നത്തിൽ പരാതി നൽകാനെത്തിയ സുദേവനെയും മകളെയും കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാർ അധിക്ഷേപിച്ചത്. ഇതിന്റെ  വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. 

click me!