നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Published : Jan 01, 2021, 11:00 AM ISTUpdated : Jan 01, 2021, 11:06 AM IST
നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Synopsis

പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചത്തലത്തിലാണ് നടപടി. ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യമടക്കം അന്വേഷിക്കും. 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചത്തലത്തിലാണ് നടപടി. ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യമടക്കം അന്വേഷിക്കും. നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആരോപണമുള്ളതിനാൽ മറ്റൊരു ഏജൻസി അന്വേഷിക്കണമെന്ന് റൂറൽ എസ്പി ശുപാർശ ചെയ്തിരുന്നു.

നെയ്യാറ്റിൻകര പോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട് കോളനിയിലെ വസന്തയും രാജൻ അടക്കമുള്ള അയൽവാസികളുമായുള്ള ഭൂമിതർക്കം തുടങ്ങുന്നത് 2019ലാണ്. വസന്തയുടെ വീടിന്റെ എതിർവശത്തുള്ള തന്റെ അമ്മയുടെ വീട്ടിലായിരുന്നു മരിച്ച രാജനും കുടുംബവും ആദ്യം താമസിച്ചത്. പിന്നീടാണ് വസന്തയുടെ വീടിനോട് ചേർന്നുള്ള മൂന്ന് സെന്റ് ഭൂമിയിലേക്ക് ഷെഡ് വെച്ച് രാജനും കുടുംബവും മാറിയത്. ഈ ഭൂമി 2006ൽ സുഗന്ധി എന്ന ആളിൽ നിന്നും വിലയാധാരമായി വാങ്ങിയതാണെന്നും അതിയന്നൂർ പഞ്ചായത്തിൽ ഈ ഭൂമിക്ക് കരമടച്ചിട്ടുണ്ടെന്നുമാണ് വസന്ത പറയുന്നത്. രാജനടക്കം അഞ്ച് പേർ തന്റെ സ്ഥലം കയ്യേറിയെന്ന് കാണിച്ചാണ് വസന്ത മുൻസിഫ് കോടതിയെ സമീപിക്കുന്നത്.

സ്ഥലം പരിശോധിക്കാൻ അഭിഭാഷക കമ്മീഷനെ വച്ചു.  ജനുവരിൽ സ്ഥലം പരിശോധിച്ച അഭിഭാഷക കമ്മീഷൻ ഒൻപത് സെന്റിൽ ആറ് സെന്റിൽ വസന്തയുടെ വീടും മൂന്ന് സെന്റിൽ കൃഷിഭൂമിയുമാണെന്ന് റിപ്പോ‍ർട്ട് നൽകി. തൽസ്ഥിതി തുടരാൻ 2020 ജനുവരി 9ന് ഉത്തരവിട്ടു. അയൽവാസികൾ ഭൂമിയിൽ അതിക്രമിച്ച് കടന്ന് കൃഷിയിടം നശിപ്പിക്കുന്നുവെന്ന് കാണിച്ച് വസന്ത വീണ്ടും കോടതിയെ സമീപിച്ചു. തൽസ്ഥിതി തുടരാനുള്ള കോടതി ഉത്തരവ് ലംഘിച്ചോ എന്ന് പരിശോധിക്കാൻ വീണ്ടും അഭിഭാഷക കമ്മീഷനോട് കോടതി നിർദ്ദേശിച്ചു. നേരത്തെ കൃഷിയിടമായിരുന്ന സ്ഥലത്ത് ഗേറ്റ് പൊളിച്ച് കയറി ഷെഡ് സ്ഥാപിച്ചുവെന്ന റിപ്പോർട്ട് മാർച്ച് മൂന്നിന് കമ്മീഷൻ കോടതിയെ അറിയിച്ചു. ഈ വീട് പൊളിച്ച് മാറ്റണമെന്ന വസന്തയുടെ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ കോടതി ജൂൺ 16ന് നിർദ്ദേശിച്ചു. വസന്തയുടെ ഹ‍ർജിക്കെതിരെ രാജൻ മുൻസിഫ് കോടതിയെയും സബ് കോടതിയെയും സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയില്ല.  ഉടമസ്ഥാവകാശത്തിനായി വസന്ത വ്യാജരേഖ ചമച്ചെന്നായിരുന്നു രാജന്റെ വാദം.

ഡിസംബർ 15നാണ് പൊലീസ് സഹായത്തോടെ രാജനെയും കുടുബെത്തെയും ഒഴിപ്പാക്കാൻ കോടതി നിർദ്ദേശിച്ചത്. 22ന് രാവിലെ ഒഴിപ്പിക്കാൻ വരുമെന്ന് ഇരുവിഭാഗത്തയെും അഭിഭാഷകരെ അറിയിച്ചുവെന്നാണ് അഭിഭാഷക കമ്മീഷൻ വിശദീകരണം. ഈ ദിവസം തന്നെ  ഹൈക്കോടതിയിൽ സ്റ്റേ അപേക്ഷ പരിഗണിക്കുന്നതിനാൽ ഒഴിപ്പിക്കൽ നടപടികൾ തത്കാലം മരവിപ്പിക്കണമെന്ന് രാജന്റെ അഭിഭാഷകൻ മുൻസിഫ് കോടതിയിൽ ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പിലാക്കുന്നത് മുൻസിഫ് കോടതി മാറ്റിവെച്ചതും ഹൈക്കോടതി സ്റ്റേ നൽകിയതും 22ന്. പക്ഷെ സ്റ്റേ ഉത്തരവ് വരും മുൻപ് 22ന് തന്നെ കേരളത്തെ പിടിച്ച് കുലുക്കിയ സംഭവമുണ്ടായി. ഹൈക്കോടതി വിധി വരുന്നതിന് മുൻപ് പൊലീസ് തിടുക്കും കാണിച്ചത് എന്തിനാണെന്നാണ് പ്രധാനചോദ്യം.

നെയ്യാറ്റിൻകര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനിൽകുമാറാണ് അഭിഭാഷക കമ്മീഷൻ അഡ്വക്കേറ്റ് ഉഷാകുമാരിക്കൊപ്പം 22ന് രാജന്റെ വീട്ടിലെത്തിയത്. ദേഹത്ത് പെട്രോളൊഴിച്ച രാജന്റെ കൈയ്യിൽ നിന്നും ലൈറ്റർ തട്ടിമാറ്റാൻ ശ്രമിച്ചത് അനിൽകുമാറാണ്. രാജൻറെ മൃതദേഹം സ്ഥലത്ത് കുഴിച്ചു മൂടാൻ ശ്രമിച്ച മകനോട് വാക്ക് തർക്കത്തിലേർപ്പെട്ടത് നെയ്യാറ്റിൻകര സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ സെന്തിലായിരുന്നു. ദമ്പതികളുടെ മരണത്തിനിടയാക്കിയ ഭൂമി തർക്കത്തിൽ ഇനി നെയ്യാറ്റിൻകര തഹസിൽദാറുടെ അന്വേഷണ റിപ്പോർട്ടാണ് നിർണ്ണായകം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അധികാര കേന്ദ്രങ്ങളിലെ മാറാത്ത സാന്നിധ്യം, രാഷ്ട്രീയത്തില്‍ തനിവഴി; ആരായിരുന്നു ദാദയെന്ന അജിത് പവാര്‍?
കെ-ഇനം ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്, റീട്ടെയിൽ രംഗത്തും ചുവടുറപ്പിക്കാൻ കുടുംബശ്രീ; വമ്പൻ പ്രഖ്യാപനവുമായി എം ബി രാജേഷ്