
കൊച്ചി:നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം ആണെന്ന് കോടതിക്ക് നിഗമനത്തിൽ എത്തേണ്ടിവരുമെന്നും മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ 'സമാധി' വിവാദത്തിൽ ഭാര്യ സുലോചന നൽകിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. സമാധി പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കല്ലറ പൊളിച്ചുള്ള പരിശോധനയുമായി മുന്നോട്ടുപോകാനുള്ള അനുമതിയും കോടതി നൽകി.
ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമം എന്നും കോടതി പറഞ്ഞു. നിലവിൽ അന്വേഷണം നിർത്തിവെക്കാനോ നീട്ടി കൊണ്ട് പോകാനോ ആവില്ല. ഹര്‍ജിയിൽ മറുപടി നൽകാൻ സര്‍ക്കാരിന് നോട്ടീസ് നൽകി. ഹര്‍ജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി പരിഗണിക്കുന്ന അടുത്ത ആഴ്ചത്തേക്ക് മാറ്റി. എന്തിനാണ് പേടിയെന്ന് ഹർജിക്കാരോട് ഹൈക്കോടതി ചോദിച്ചു. നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു
എന്നാൽ, ആര്‍ഡിഒയുടെ ഉത്തരവ് നിയമപരമല്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, എങ്ങനെയാണ് മരണം സംഭിച്ചതെന്ന് കോടതി ചോദിച്ചു.സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചതുകൊണ്ടാണ് പൊലീസ് അന്വേഷിക്കുന്നതെന്നും ഒരാളുടെ മരണത്തിൽ സംശയമുണ്ടെങ്കിൽ അന്വേഷിക്കാനുള്ള അവകാശം പൊലീസിനുണ്ടെന്നും കോടതി നിരീക്ഷിച്ചു.
എങ്ങനെ മരിച്ചുവെന്ന് പറയാൻ കുടുംബത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മരണം എവിടെയാണ് അംഗീകരിച്ചതെന്നും ഇക്കാര്യത്തി സംശയാസ്പദമായ സാഹചര്യം ഇക്കാര്യത്തിൽ ഉണ്ടെന്ന് കോടതി വ്യക്തമാക്കി.സമാധി സ്ഥലം പൊളിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കളക്ടർ, ആർ ഡി ഒ, പൊലീസ് എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹര്‍ജി നൽകിയത്. ജസ്റ്റിസ് സി എസ് ഡയസിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam