
തിരുവനന്തപുരം: ടെക്നോപാർക്ക് മൂന്നാംഘട്ട നിർമ്മാണത്തിൽ ടോറസ് ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗ്സിസ് തിരിച്ചടി. ടോറസിന്റെ അനുബന്ധ കമ്പനിയായ ഡ്രാഗൺസ്റ്റോണിന്റെ പരിസ്ഥിതി ക്ലിയറൻസ് റദ്ദാക്കി. ഇതിന് പുറമെ കമ്പനിക്ക് 15കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കി. ടെക്നോപാർക്ക് മൂന്നാം ഘട്ടം പ്രോജക്ട് അനുമതിയില്ലാതെ വികസിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 15 കോടി പിഴത്തുക തണ്ണീർത്തടങ്ങൾക്കായി വിനിയോഗിക്കണമെന്നും ഉത്തരവിലുണ്ട്. സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്മെൻറ് അതോറിറ്റിക്കും വിമർശനമുണ്ട്. ഉത്തരവ് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ടോറസ് ഇൻവസ്റ്റ്മെൻറ് ഹോൾഡിംഗ്സ് വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്‍റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ് ടെക്നോപാർക്ക് മൂന്നാം ഘട്ടം. തിരുവനന്തപുരം നഗരത്തിൽ അമേരിക്കൻ കമ്പനിയായ ടോറസിന്‍റെ ഇന്ത്യൻ പതിപ്പ് ടോറസ് ഇൻസസ്റ്റ്മെന്‍റ് ഹോൾഡിംഗ്സാണ് നിർമ്മാണങ്ങൾ നടത്തുന്നത്. മൂന്ന് ഹെക്ടറിലേറെ സ്ഥലത്ത് വാണിജ്യ ആവശ്യങ്ങൾക്കായി ടോറസിന്‍റെ അനുബന്ധ കമ്പനിയായ ഡ്രാഗണ്‍ സ്റ്റോണ്‍ റിയാലിറ്റിയാണ് നിർമ്മാണങ്ങൾ നടത്തുന്നത്. ഇതിൽ ക്രമക്കേട് ചൂണ്ടികാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ചെന്നൈ ബഞ്ചിന്‍റെ നടപടി. പദ്ധതി പ്രദേശത്ത് 1,33,491 ചതുരശ്ര മീറ്ററിൽ നിർമ്മാണങ്ങൾക്കാണ് അനുമതി നേടിയത്. എന്നാൽ ഇതിന് പുറമെ 1,37,673 ചതുരശ്ര മീറ്ററിന്‍റെ അധിക നിർമ്മാണങ്ങൾക്കും കമ്പനി നടപടി തുടങ്ങി.
ഇത് ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവർത്തനായ തോമസ് ലോറൻസ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. പരാതി ബോധ്യപ്പെട്ടാണ് ദേശീയ ഹരിത ട്രൈബ്യൂണൽ 15കോടി രൂപ പിഴയിട്ടത്. പരിസ്ഥിതി ക്ലിയറൻസും റദ്ദാക്കി. ഈ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ലെന്ന് ടോറസ് ഇൻവെസ്റ്റ്മെന്‍റ് ഹോൾഡിംഗ്സ് വ്യക്തമാക്കി. എൻജിടി ഉത്തരവ് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ടോറസ് അറിയിച്ചു. ടെക്നോപാർക്ക് മൂന്നാ ഘട്ട വികസനത്തിൽ തണ്ണീർത്തടങ്ങൾ നശിപ്പിക്കുന്നതിനെതിരെ സർക്കാർ സമിതികളുടെ തന്നെ എതിർപ്പുകളും പരിസ്ഥിതി ആഘാത പ്രശ്നങ്ങളും ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പരയിൽ പുറത്തുകൊണ്ടുവന്നിരുന്നു. തണ്ണീർത്തടം നികത്തിയുള്ള ബ്രഹത് നിർമ്മാണങ്ങൾ ഇടക്ക് സ്റ്റേ ചെയ്തെങ്കിലും പിന്നീട് സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയാണ് കമ്പനി തുടർന്നത്. എന്നാൽ ഇതിന് ശേഷവും ചട്ടലംഘനം ദേശീയ ഹരിത ട്രൈബ്യൂണൽ സ്ഥിരീകരിക്കുന്നത് ടോറസിന് തിരിച്ചടിയാണ്. പിഴത്തുകയായ 15കോടി രൂപ തിരുവനന്തപുരത്ത് തണ്ണീർത്തടങ്ങൾക്കായി വിനിയോഗിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. പരിസ്ഥിതി ക്ലിയറൻസ് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി നിർദ്ദേശിച്ചിട്ടുണ്ട്.