
ദില്ലി: തൃശ്ശൂർ- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കത്തിൻ്റെ (Kuthiran tunnel) പ്രതീക്ഷച്ചതിലും വളരെ നേരത്തെ നടക്കാൻ സാധ്യത. കുതിരാനിലെ രണ്ടാം തുരങ്കത്തിൻ്റെ പണി പൂർത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശ്ശൂർ ജില്ലാ കളക്ടറെ അറിയിച്ചു. തുറങ്കം തുറക്കുന്ന കാര്യത്തിൽ നാളെ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാവും എന്നാണ് സൂചന.
കുതിരാനിലെ രണ്ടാം തുരങ്കത്തിൻ്റെ പണി പൂർത്തിയായെന്നും ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കാൻ തയ്യാറാണെന്നും കരാർ കമ്പനി നേരത്തെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ തുരങ്കം തുറന്നാലുടൻ ടോൾ പിരിവ് തുടങ്ങാനുള്ള കരാർ കമ്പനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷമെ തുരങ്കം എന്ന് തുറക്കൂവെന്ന കാര്യത്തിൽ തീരുമാനമാവൂ.
രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്സ് വിഭാഗത്തിന്റെ അനുമതി നേരത്തെ കിട്ടിയിരുന്നു. തുരങ്കത്തിലെ അപകട,പ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയർഫോഴ്സ് റിപ്പോർട്ട് നൽകി. പിന്നാലെ രണ്ടാം തുരങ്കത്തിൻ്റെ അപ്രോച്ച് റോഡിനായി പാറ പൊട്ടിച്ചു കളയുകയും ചെയ്തിരുന്നു.
രണ്ടാം തുരങ്കത്തിൽ തീ പിടുത്തമുണ്ടായാൽ ഇരുപത്തിനാലു മണിക്കൂറും വെള്ളവും സംവിധാനങ്ങളും ഉണ്ടാകും. ഇതിനു പുറമെ, വിഷവായു പുറത്തു കളയാൻ പ്രത്യേക ഫാനുകളും ഉണ്ട്. പ്രത്യേക വെളിച്ച സംവിധാനങ്ങൾ. അങ്ങനെ, ആദ്യ തുരങ്കത്തിലെ എല്ലാ സുരക്ഷാക്രമീകരണങ്ങളും രണ്ടാം തുരങ്കത്തിലുമുണ്ട്
972 മീറ്റർ ദൂരത്തിലാണ് രണ്ടാം തുരങ്കം നിർമിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകൾ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാൽ ഇതുവഴി പുറത്തു കടത്താം. കുതിരാൻ തുരങ്കം പൂർണതോതിൽ പ്രവർത്തന സജ്ജമായാൽ പാലക്കാട് - തൃശ്ശൂർ ദേശീയപാതയിലെ യാത്രാക്ലേശം വലിയൊരളവ് പരിഹരിക്കാനാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam