സ്വ‍ർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ബാ​ഗ് കോടതിയിൽ തുറന്ന് പരിശോധിക്കുന്നു

By Web TeamFirst Published Jul 15, 2020, 4:01 PM IST
Highlights

സ്വർണക്കളളക്കടത്തിൽ ഇടനിലക്കാരായ മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശി മുഹമ്മദാ ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവർ പിടിയിലായി.

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ബാഗുകൾ കൊച്ചിയിലെ എൻഐഎ കോടതിയിൽ പരിശോധിക്കുന്നു. എൻഐഎ സ്പെഷ്യൽ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് ബാഗ് തുറന്ന് പരിശോധിക്കുക. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിലെത്തി. 

അതേസമയം സ്വർണക്കളളക്കടത്തിൽ ഇടനിലക്കാരായ മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശി മുഹമ്മദാ ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവർ പിടിയിലായി. അറസ്റ്റിലായ സന്ദീപിനും റെമീസിനുമൊപ്പം സ്വർണം മറ്റ് ചിലർക്ക് കൈമാറുന്നതിൽ ഇവർക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

അറസ്റ്റിലായ ജമാൽ ഹവാല ഇടപാടിലും ഉൾപ്പെട്ടിട്ടുണ്ട്. മുവാറ്റുപുഴയിലെ വ്യാപാരി ഇറക്കുമതി ചെയ്ത തടിയ്ക്ക് പകരമായി ഇയാൾ ഒരു ലക്ഷം മാസ്കുകൾ കയറ്റി അയച്ചതായും വ്യക്തമായി. ഫിലീപ്പീൻസ് നേവിയുടെ കപ്പലിലായിരുന്നു ഒരുമാസം മുന്പ് മാസ്കുകൾ അയച്ചത്. രാജ്യത്ത് മാസ്ക് കയറ്റുമതി നിരോധിച്ചിരിക്കേ എക്സൈസ്സ നികുതി പോലും വാങ്ങാതെ നടത്തിയ ഇടപാടിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. 

ഇതിനിടെ നിലവിൽ എൻഐഎ കസ്റ്റഡിയിലുളള സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ് നടപടി തുടങ്ങി. സമാനമായ രീതിയിൽ എൻഐഎയും ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിൽ നിന്നും വാങ്ങി ചോദ്യം ചെയ്യും. ഇതിനു മുന്നോടിയായി സരിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്താൻ എൻഐഎ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതിയിൽ അപേക്ഷ നൽകി.  റിമാൻഡിൽക്കഴിയുന്ന മലപ്പുറം സ്വദേശി റമീസിനെ അറസ്റ്റുചെയ്യാൻ വനം വകുപ്പും  നടപടി തുടങ്ങിയിട്ടുണ്ട്. വാളയാറിൽ മാനുകളെ വെടിവെച്ചുകൊന്ന കേസിൽ റമീസ് പ്രതിയാണ്. 

click me!