
ദില്ലി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്കും. കേസ് അന്വേഷിക്കുന്ന എൻഐഎ അന്വേഷണ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കും. യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇന്ത്യ യുഎഇ സർക്കാരിൻറെ അനുമതി തേടുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇത്തരത്തിൽ വിദേശത്ത് ചെന്ന് അന്വേഷണം നടത്താൻ എൻഐഎയ്ക്ക് അനുമതിയുണ്ട്.
യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും അവരുമായി ബന്ധമുള്ള ഇന്ത്യക്കാരേക്കുറിച്ചും അന്വേഷണം നടത്തും. ഇക്കാര്യത്തിൽ യുഎഇയുടെ അനുമതി ആവശ്യമുണ്ട്. യുഎഇ സര്‍ക്കാരിന്‍റെ നിലപാട് ഇക്കാര്യത്തിൽ നിര്‍ണായകമാകും. കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചതെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപും നല്‍കിയ ജാമ്യ ഹര്‍ജിയില്‍ കൊച്ചിയിലെ എന്‍ ഐഎ കോടതി ഇന്ന് വാദം കേൾക്കും. കേസില്‍ യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് വകുപ്പുകൾ മാത്രമേ ചുമത്താന്‍ കഴിയൂ എന്നുമാണ് പ്രതികളുടെ വാദം. എന്തടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയതെന്ന് വാദത്തിനിടെ അന്വഷണ ഉദ്യോഗസ്ഥരോട് ചോദിച്ച കോടതി കേസ് ഡയറി ഇന്ന് ഹാജരാക്കണമെന്നും എന്‍ഐഎക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ കേസില്‍ തീവ്രവാദ ബന്ധം ചുമത്തിയ മുവാറ്റുപുഴ സ്വദേശിയായ മുഹമ്മദലിയെ കഴിഞ്ഞ ദിവസം എൻഐ എ അറസ്റ്റ് ചെയ്തിരുന്നു.ടി കെ റമീസ് വഴി ഇയാള്‍ സ്വര്‍ണം കടത്തിയെന്നും അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ 24 ആം പ്രതിയായിരുന്നു ഇയാളെന്നും എന്‍ ഐഎ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam