
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം. എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം പൊലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം.
സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആർ നിശാന്തിനിയെ സെപ്ഷൽ ഓഫീസറാക്കി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. വിഴിഞ്ഞം പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. അവധി റദ്ദാക്കി തിരിച്ചെത്താൻ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
പൊലീസ് സ്റ്റേഷൻ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുൻ നിർത്തിയാണ് വിഴിഞ്ഞത്തെ പ്രത്യേക സുരക്ഷ. കേസന്വേഷണത്തിനും ക്രമസമാധാനത്തിനുമായി രണ്ടു സംഘങ്ങളെയും നിയോഗിച്ചു. ഡിഐജിക്കു കീഴിൽ എസ്പിമാരായ കെകെ അജി, കെഇ ബൈജു എന്നിവരും അസിസ്റ്റന്റ് കമ്മീഷണർമാരും അടങ്ങുന്ന പ്രത്യേക സംഘം ക്രമസമാധനപാലത്തിന് മേൽനോട്ടം വഹിക്കും. വിഴിഞ്ഞം ആക്രണവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് തിരുവനന്തപുരം ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ നാല് അസിസ്റ്റന്റ് കമ്മീഷണർമാരെ ഉള്‍പ്പെടുത്തി മറ്റൊരു സംഘവും രൂപീകരിച്ചു.
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തവരെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. മൂവായിരം പേർക്കെതിരെ കേസെടുത്തുവെങ്കിലും പെട്ടെന്നൊരു അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമസമാധാന അന്തരീക്ഷം കലുഷിതമാക്കേണ്ടെന്ന തീരുമാനത്തിലാണ് അറസ്റ്റ് വൈകുന്നത്. സ്റ്റേഷൻ ആക്രണത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായ സമരസമിതിയിലെ എട്ടുപേർ ആശുപത്രിവിട്ടു. ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രി സെല്ലിലേക്കെങ്കിലും മാറ്റണമെന്ന് ഒരു വിഭാഗം പൊലീസുകാർ ആവശ്യപ്പെട്ടുവെങ്കിലും ഉന്നത ഉദ്യോഗസ്ഥർ തടയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കലുഷിതമായിരുന്ന വിഴിഞ്ഞം ഇന്ന് ശാന്തമാണ്.
വിഴിഞ്ഞം സംഭവത്തിൻെറ പശ്ചാലത്തിൽ സംസ്ഥാനത്തെ തീരദേശ സ്റ്റേഷനുകള്‍ അതീവജാഗ്രത പുലർത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി. സ്പഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അപ്പോ അപ്പോള്‍ വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറണം, ഡിഐജിമാരും ഐജിമാരും ദിവസവും കാര്യങ്ങള്‍ വിലയിരുത്തണമെന്നും നിർദ്ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam