ചെറിയ ഇരപിടിയന്മാരെ റാഞ്ചാൻ വലിയ ഇരപിടിയന്മാർ എപ്പോഴും ഉണ്ടാകും, മഡൂറോ മികച്ച ഭരണാധികാരിയല്ലെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ

Published : Jan 04, 2026, 05:09 PM IST
haris chirakkal nicolas maduro

Synopsis

10 മിനിറ്റ് യുദ്ധത്തിൽ ഭരണാധികാരിയെ കുടുംബസമേതം പൊക്കിക്കൊണ്ട് പോയെങ്കിൽ ആ ഭരണാധികാരിക്ക് ജനപിന്തുണ ഇല്ല എന്നർത്ഥം. രാജ്യത്തിൽ തന്നെ ഇഷ്ടം പോലെ ശത്രുക്കൾ ഉണ്ടെന്നാണ് അർത്ഥം

തിരുവനന്തപുരം: അമേരിക്ക ബന്ദിയാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോ മികച്ച ഭരണാധികാരിയല്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. പത്ത് മിനിറ്റ് യുദ്ധത്തിൽ ഭരണാധികാരിയെ കുടുംബസമേതം പൊക്കിക്കൊണ്ട് പോയെങ്കിൽ ആ ഭരണാധികാരിക്ക് ജനപിന്തുണ ഇല്ല എന്നാണ് അർത്ഥം. ഫിദൽ കാസ്ട്രോയും ഹ്യൂഗോ ഷാവേസും അമേരിക്കയുടെ മുന്നിൽ പിടിച്ചു നിന്നത് മികച്ച ഭരണാധികാരികൾ ആയതു കൊണ്ടാണ്. മികച്ച ഭരണത്തിൽ സന്തുഷ്ടരായ ജനങ്ങൾ അവർക്ക് നൽകിയ പിന്തുണ കൊണ്ടാണ്. ചെറിയ ഇരപിടിയനെ വലിയ ഇരപിടിയൻ റാഞ്ചുന്നതാണ് പ്രകൃതി നിയമം. സ്വതന്ത്ര രാജ്യത്തെ ആക്രമിച്ച് ഭരണാധികാരിയെ അറസ്റ്റ് ചെയ്യുന്നത് ഗുരുതരമായ തെറ്റാണെന്നും ഡോ ഹാരിസ് ചിറയ്ക്കൽ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നു. ചെറിയ ഇരപിടിയന്മാരെ റാഞ്ചാൻ വലിയ ഇരപിടിയന്മാർ എപ്പോഴും ഉണ്ടാകും. ഒന്നും ഒന്നിന്റേയും അവസാനമല്ല എന്ന് കുറിച്ചാണ് ഡോ ഹാരിസ് ചിറയ്ക്കലിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഹാരിസ് ചിറയ്ക്കലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ആകെ മൂന്നു കോടി ജനങ്ങൾ. അതിൽ 80 ലക്ഷം പേർ നാട്ടിൽ ജീവിക്കാൻ കഴിയാതെ നാടുവിട്ട് ഓടിപ്പോയി. ഭരണാധികാരി കൊള്ളില്ല. അതാണ് മനസിലാക്കേണ്ടത്. ഫിദൽ കാസ്ട്രോയും ഹ്യൂഗോ ഷാവിസും അമേരിക്കയുടെ മുന്നിൽ പിടിച്ചു നിന്നത് മികച്ച ഭരണാധികാരികൾ ആയതു കൊണ്ടാണ്. മികച്ച ഭരണത്തിൽ സന്തുഷ്ടരായ ജനങ്ങൾ അവർക്ക് നൽകിയ പിന്തുണ കൊണ്ടാണ്. അതേ സമയം പത്ത് മിനിറ്റ് യുദ്ധത്തിൽ ഭരണാധികാരിയെ കുടുംബസമേതം പൊക്കിക്കൊണ്ട് പോയെങ്കിൽ ആ ഭരണാധികാരിക്ക് ജനപിന്തുണ ഇല്ല എന്നർത്ഥം. രാജ്യത്തിൽ തന്നെ ഇഷ്ടം പോലെ ശത്രുക്കൾ ഉണ്ടെന്നർത്ഥം. ചെറിയ ഇരപിടിയനെ വലിയ ഇരപിടിയൻ റാഞ്ചുന്നതാണ് പ്രകൃതി നിയമം. അമേരിക്കയുടെ നടപടിയും അത്ര ശരിയല്ല. ഒരു സ്വതന്ത്ര രാജ്യത്തെ ആക്രമിച്ച് ഭരണാധികാരിയെ അറസ്റ്റ് ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്. കഴിഞ്ഞ കാലങ്ങളിൽ ഇതുപോലെ മറ്റു രാജ്യങ്ങളിൽ കടന്നു കയറിയതിന് അമേരിക്കക്ക് നൽകേണ്ടിവന്ന വില ചെറുതല്ല. സാമ്പത്തിക നഷ്ടം, ജീവത്യാഗം ചെയ്യേണ്ടിവന്ന അമേരിക്കൻ യുവ സൈനികർ, വേൾഡ് ട്രേഡ് സെന്റർ മോഡൽ ഭീകരാക്രമണങ്ങൾ അങ്ങനെ പലതും. അസ്തമയം ആരംഭിച്ച അമേരിക്കൻ സാമ്രാജ്യത്തെ ഒന്നുകൂടി തിരികെ എത്തിക്കാനുള്ള ട്രംപിന്റെ ശ്രമം ആയിട്ടും കരുതാം. പക്ഷെ, കാലം മാറി. അമേരിക്കൻ സാമ്രാജ്യത്തെ ചോദ്യം ചെയ്യാൻ ചൈന, ഇന്ത്യ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളും കൂട്ടായ്മകളും ഇന്നുണ്ട്. ഒന്നുകൂടി പറയട്ടെ, ചെറിയ ഇരപിടിയന്മാരെ റാഞ്ചാൻ വലിയ ഇരപിടിയന്മാർ എപ്പോഴും ഉണ്ടാകും. ഒന്നും ഒന്നിന്റേയും അവസാനമല്ല.

ശനിയാഴ്ച രാത്രിയിൽ നടന്ന സൈനിക നടപടിക്ക് പിന്നാലെ നിക്കോളാസ് മഡൂറോയും ഭാര്യയും പിടിയിലായിരുന്നു. രണ്ട് പേരെയും ഡിഇഎ ഹെഡ്ക്വാട്ടേഴ്സിലും പിന്നീട് ഹെലികോപ്ടർ മാർഗം ബ്രൂക്ക്ലിനിലെ മെട്രോ പൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലും എത്തിക്കുകയായിരുന്നു. വെനസ്വേലയിൽ അധികാര കൈമാറ്റം നടക്കും വരെ അമേരിക്ക വെനസ്വേലയെ ഭരിക്കുമെന്നാണ് ഡൊണാൾഡ് ട്രംപ് ഇതിനോടകം വിശദമാക്കിയത്. വലിയ രീതിയിലെ അപ്രതീക്ഷിത സൈനിക നടപടിക്കൊടുവിലാണ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക പിടികൂടിയത്. നിക്കോളാസ് മഡൂറോയുടെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് ചുമതല ഏറ്റെടുക്കാനാണ് വെനസ്വേലയിലെ സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തം; സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച് തൃശൂർ കോർപ്പറേഷൻ, തിരുവനന്തപുരത്തും കോഴിക്കോടും പരിശോധന
വി ഡി സതീശനെതിരെയുള്ള വിജിലൻസ് ശുപാശയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല; 'ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിയില്ല'