
കൽപ്പറ്റ: വയനാട് സന്ദർശനത്തിന്‍റെ രണ്ടാം ദിവസം പ്രത്യേക പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തി എംപി രാഹുൽ ഗാന്ധി. രാത്രിയാത്ര നിരോധനം, വയനാട്ടിലേക്കുള്ള റെയിൽവെ ലൈൻ, ആദിവാസി, കർഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി പ്രതിനിധി സംഘവുമായി ചർച്ച നടത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. വയനാടിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കാമെന്ന് ഉറപ്പു നൽകിയതായും കെ സി വേണുഗോപാൽ അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കൽപ്പറ്റ നഗരസഭാ ഓഫീസിന് മുന്നിൽ നിന്നാണ് തുടങ്ങിയത്. ''കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ, പക്ഷേ വയനാട്ടിലെ ഏത് പൗരൻമാർക്കും ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കും എന്‍റെ ഓഫീസിന്‍റെ വാതിൽ തുറന്നു കിടക്കുമെന്ന് റോഡ് ഷോയിൽ രാഹുൽ പറഞ്ഞു.
കൽപ്പറ്റ മുൻസിപ്പൽ ഓഫീസിൽ നിന്നും പഴയ ബസ് സ്റ്റാന്‍റ് വരെയാണ് ആദ്യ റോഡ് ഷോ. അതിന് ശേഷം പനമരം ,പുൽപ്പള്ളി,നടവയൽ എന്നിവിടങ്ങളിലെല്ലാം രാഹുലെത്തും. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖലയിൽ അടക്കം ആറിടത്താണ് ഇന്ന് റോഡ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനാകും വിധമാണ് എംപിയുടെ സന്ദര്‍ശനമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ മണ്ഡല സന്ദര്‍ശനം. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാൻ താൽപര്യമറിയിച്ച രാഹുൽ ഗാന്ധി ബാക്കി തീരുമാനങ്ങളുടെ കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല.
രാഹുൽ ഗാന്ധി ഇന്നലെ പങ്കെടുത്ത റോഡ് ഷോയിലെല്ലാം കനത്ത മഴയെ അവഗണിച്ച് ആയിരങ്ങളാണ് എത്തിയത്. കേരളത്തിന്‍റെ പ്രതിനിധിയായി പാർലമെന്‍റിനകത്തും പുറത്തും പ്രവർത്തിക്കുമെന്ന് പറഞ്ഞ രാഹുല്‍, വെറുപ്പിന്‍റെ രാഷ്ട്രീയം പരത്തുന്ന ബിജെപിക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിപക്ഷമായിരിക്കും കോൺഗ്രസെന്നും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam