
തൃശൂര്‍: തൃശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന്‍റെ വഴി മുടക്കിയ സ്വകാര്യ ബസിന്‍റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. രോഗിയെ വിദഗ്ധ ചികിത്സക്കായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിനെ സ്വകാര്യ ബസ് വഴി മുടക്കിയത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രോഗിയെ രക്ഷിക്കാനായിരുന്നില്ല.
രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിലാണ് ഡ്രൈവര്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മനക്കൊടി സ്വദേശി സുജിലിനെയാണ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വണ്ടിയോടിച്ചതിനും മാർഗതടസമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സുജിലിനെ കോടതി ജാമ്യത്തിൽ വിട്ടു.
ഇടശ്ശേരി സ്വദേശി പുഴങ്കര ഇല്ലത്തു ഐഷാബിയാണ് മരിച്ചത്. അവശനിലയിൽ വാടാനപ്പള്ളി ആക്ട്സിന്‍റെ ആംബുലൻസിൽ എം ഐ ആസ്പത്രിയിലെത്തിച്ച ഐഷാബിയെ പിന്നീട് ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനെടെ ആംബുലന്‍സ് മനക്കൊടി ചേറ്റുപ്പുഴ ഇറക്കത്തു വച്ച് ഗതാഗത കുരുക്കിൽ പെടുകയായിരുന്നു. മനക്കൊടിയിൽ വച്ച് വരിതെറ്റിച്ച് വന്ന ബസാണ് ഗതാഗത തടസം സൃഷ്ടിച്ചത്.
ആംബുലൻസ് ഡ്രൈവർ മൻസൂർ ഇറങ്ങി ചെന്ന് ബസ് ഡ്രൈവറോട് ബസ് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും തർക്കത്തിനൊടുവിലാണ് ആംബുലൻസിന് കടന്നു പോകാനായത്. തുടർന്ന് ആംബുലൻസ് ഗതാഗത കുരുക്ക് മറികടന്നെങ്കിലും ഐഷാബിയെ രക്ഷിക്കാനായില്ല. സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന്‍റെ ഭാഗമായി ബസുകൾ ഇങ്ങനെ വരിതെറ്റിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഇങ്ങനെ വരി തെറ്റിച്ച ബസിനെ ഏറെ ദൂരം പൊലീസ് പുറകോട്ട് എടുപ്പിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam