നിർഭയം തെരുവ് കീഴടക്കി സ്ത്രീകൾ, ചരിത്ര ദിനത്തിലും സ്ത്രീകളോട് മോശം പെരുമാറ്റം, അറസ്റ്റ്

By Web TeamFirst Published Dec 30, 2019, 6:58 AM IST
Highlights

ആട്ടവും പാട്ടും ആരവങ്ങളും കൂട്ടിന്. അവർ നിർഭയമായി നടന്നു. കേരളത്തിലെ നൂറ് തെരുവുകൾ അർദ്ധരാത്രിയിലും മിഴിചിമ്മാതെ നിന്നു. ഈ ദിനവും സ്ത്രീകളോട് മോശം പെരുമാറ്റം ഉണ്ടാകാതിരുന്നില്ല. 

കാസർകോട്: രാത്രിയിൽ തെരുവുകൾ കീഴടക്കി സ്ത്രീകൾ.  സംസ്ഥാന വനിതാശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ 'പൊതു ഇടം എന്‍റേതും' എന്ന പേരിൽ സംഘടിപ്പിച്ച രാത്രി നടത്തത്തിൽ കേരളമൊട്ടാകെ നൂറ് കണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്.

രാത്രി 11 മണി മുതൽ പുലർച്ചെ ഒരുമണിവരെയായിരുന്നു പരിപാടി. പാട്ടും നൃത്തവും കലാപ്രകടനങ്ങളുമായി വിവിധ കൂട്ടായ്മകൾ കേരളത്തിന്‍റെ വിവിധ നഗരങ്ങളിലൂടെ ഒന്നിച്ചു നടന്നു.

അക്രമങ്ങളിൽ നിന്ന് രക്ഷ നേടാൻ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിർഭയമായി നടക്കാൻ ഉള്ള സ്വാതന്ത്ര്യം എല്ലാവരും വിനിയോഗിക്കണമെന്ന സർക്കാരിന്‍റെ ആഹ്വാനം തെരുവിൽ ഏറ്റെടുത്തത് ആയിരക്കണക്കിന് സ്ത്രീകളാണ്.

തിരുവനന്തപുരത്ത്, അക്രമികളിൽ നിന്നും രക്ഷ നേടാനുള്ള പരിശീലനവുമായി എത്തിയത് വനിതാ പൊലീസ്. നടക്കുന്നതിനിടയിൽ ആരെങ്കിലും പിന്നിൽ നിന്ന് പിടിച്ചാൽ, ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചാൽ, മുന്നിൽ നിന്ന് ആക്രമിക്കാൻ വന്നാൽ എന്ത് ചെയ്യണമെന്ന വിശദമായ ആവിഷ്കാരം.

സ്ത്രീമുന്നേറ്റത്തിന്‍റെ മറ്റൊരു പതിപ്പിൽ പങ്കാളികളാകാൻ കുടുംബവുമായെത്തിയവരും കുറവല്ല. നിർഭയയുടെ ഓർമ്മയിൽ പലയിടത്തും ആദരമായി മെഴുകുതിരിജ്വാല തെളിച്ചു.

''നിർഭയം, സ്വതന്ത്രം ഇറങ്ങി നടക്കാനുള്ള ഒരു അവസരമാണിത്. ഇത് പരമാവധി വിനിയോഗിക്കണം'', എന്ന് കൊച്ചി മേയർ സൗമിനി ജെയിൻ.

''പല തരം വിലക്കുകളിലൂടെയാണല്ലോ നമ്മൾ ജീവിക്കുന്നത്. നിൽക്കാൻ, നടക്കാൻ, രാത്രി പുറത്തിറങ്ങാൻ, യാത്ര ചെയ്യാൻ. അങ്ങനെയുള്ള നിരവധി 'അരുതുക'ളെ മറികടക്കാനാണ് ഞങ്ങൾ തെരുവിലിറങ്ങി നടക്കുന്നതെന്ന്'', പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

''ഇന്ന് ഹൈദരാബാദിൽ സംഭവിച്ചത് പോലെയൊന്നും ഒരിക്കലും കേരളത്തിൽ സംഭവിക്കാതിരിക്കാൻ ഇത്തരത്തിലുള്ള രാത്രി നടത്തങ്ങൾ അനിവാര്യമാണ്'', എന്ന് സംവിധായിക വിധു വിൻസന്‍റ്.

''ഇന്ന് ഈ പരിപാടി നടന്നെന്ന് കരുതി നാളെ മുതൽ കേരളത്തിൽ രാത്രി ഇറങ്ങി നടക്കുന്ന സ്ത്രീകളെല്ലാം സ്വതന്ത്രരാണെന്നല്ല. പക്ഷേ, വരുംതലമുറയ്ക്ക് രാത്രി ഇറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് കുറച്ചു കൂടി സ്വതന്ത്രമായ സാഹചര്യമുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നു. ഇപ്പോൾത്തന്നെ കേരളത്തിലെ പെൺകുട്ടികൾ അത് മറികടക്കുന്നുണ്ട്, എങ്കിൽപ്പോലും..', എന്ന് എഴുത്തുകാരി കെ ആർ മീര.

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും പരിപാടിയുടെ ഭാഗമായി. വയനാട്ടിലും ഇടുക്കിയിലുമെല്ലാം തണുപ്പിനെ വകവയ്ക്കാതെ സ്ത്രീകൾ തെരുവിലേക്കെത്തി. കോഴിക്കോട് നഗരത്തിലെത്തിയ സ്ത്രീകൾക്ക് ആശംസയുമായി എ പ്രദീപ് കുമാർ എംഎൽഎയുമെത്തി.

''അവർ ഇറങ്ങി വന്നിരിക്കുകയാണ്. സ്വമേധയാ. അപ്പോൾ ഈ സമൂഹത്തിന്, അവർക്ക് സുരക്ഷ നൽകേണ്ട ഉത്തരവാദിത്തമുണ്ട്'', എന്ന് എംഎൽഎ.

ചരിത്രദിനത്തിലും മോശം പെരുമാറ്റം

കോട്ടയത്ത് ഓട്ടോ ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയുയർന്നു. ''ഞങ്ങൾ രണ്ടു പേര് നടക്കുന്നതിനിടെ, ജില്ലാ ആശുപത്രിയുടെ അടുത്ത് ഒക്കെ എത്തിയപ്പോൾ 'പോരുന്നോ' എന്ന് ചോദിച്ച് ഒരു ഓട്ടോറിക്ഷക്കാരൻ, ചെറുപ്പക്കാരനാണ്, തിരിഞ്ഞ് പിന്നാലെ വന്നു. തിരിഞ്ഞ് നിന്ന് നമ്പർ നോട്ട് ചെയ്യാൻ ഫോൺ എടുത്തപ്പോഴേക്ക് അയാൾ പെട്ടെന്ന് വട്ടം തിരിഞ്ഞ് പോകുകയായിരുന്നു'', പങ്കെടുത്ത സ്ത്രീ പറഞ്ഞു. 

കാസർകോട് പരിപാടിക്കിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഒരാളെ അറസ്റ്റ് ചെയ്തു. പൊലീസിന്‍റെ സംരക്ഷണയിൽ നടത്തിയ പരിപാടിക്ക് തുടർച്ചയുണ്ടാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. അടുത്ത വനിതാ ദിനം വരെ വ്യത്യസ്തമായ പരിപാടികൾ വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ചകൾ:

കൊച്ചിയിൽ നിന്നുള്ള കാഴ്ചകൾ:

കോഴിക്കോടും മറ്റ് നഗരങ്ങളും:

click me!