
തിരുവനന്തപുരം: 'പൊതു ഇടം എന്‍റേതും' എന്ന സന്ദേശമുയര്‍ത്തി സംസ്ഥാനത്ത് സ്ത്രീകളും പെണ്‍കുട്ടികളും രാത്രി നടക്കാനിറങ്ങിയപ്പോള്‍ 'നൈറ്റ് വാക്ക്' വന്‍വിജയം. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച രാത്രി നടത്തത്തില്‍ സംസ്ഥാനമൊട്ടാകെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. നിര്‍ഭയ ദിനത്തില്‍ വനിത–ശിശുവികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നൈറ്റ് വാക്ക് സംഘടിപ്പിച്ചത്. നിര്‍ഭയയുടെ ഓര്‍മ്മകളില്‍ എല്ലായിടങ്ങളിലും മെഴുകുതിരി ജ്വാലകള്‍ തെളിച്ചു.
നിർഭയ സെല്ലിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടിയില്‍ പാട്ടും ഡാന്‍സും കലാപരിപാടികളുമായി സ്‌ത്രീകള്‍ രാത്രി നടത്തം ആഘോഷമാക്കി. വനിതാ പൊലീസിന്‍റെ ബോധവല്‍ക്കരണ പരിപാടികളും അരങ്ങേറി. രാത്രി 10 മണിയോടെ പലയിടങ്ങളിലും സ്‌ത്രീകള്‍ ഒത്തുചേര്‍ന്നപ്പോള്‍ അര്‍ധരാത്രി ഒരു മണിവരെ ആഘോഷം നീണ്ടുനിന്നു. പരിപാടി തുടങ്ങിയതു മുതല്‍ വനിതകളുടെ ഒഴുക്കാണ് പലയിടങ്ങളിലും ദൃശ്യമായത്. കര്‍ശന സുരക്ഷ ഒരുക്കി പൊലീസും കൂടെനിന്നു. ആദ്യദിവസം മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിലെ 100 കേന്ദ്രങ്ങളിൽ രാത്രി 11 മുതൽ പുലർച്ചെ ഒന്നുവരെയായിരുന്നു രാത്രി നടത്തം.
ചരിത്രദിനത്തിലും സ്‌ത്രീകളെ അപമാനിച്ചു! ഒരാള്‍ അറസ്റ്റില്‍
അതേസമയം കാസര്‍കോട് നടന്ന പരിപാടിക്കിടെ സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയ ആളെ അറസ്റ്റ് ചെയ്തു. കോട്ടയത്തും പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ മോശമായി പൊരുമാറിയതായി പരാതിയുയര്‍ന്നിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് സി.ഡബ്ല്യൂ.സി ചെയര്‍പേഴ്‌സണ്‍ എന്‍ ഷീജ പറഞ്ഞു
'രാത്രി നടത്തത്തിന് പിന്നില്‍ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതില്‍ നിന്നും അവരെ മാറ്റിയെടുക്കുക എന്നതാണ് ആദ്യത്തേത്. ചിലരെങ്കിലും, സമൂഹത്തിലെ വളരെ ഒരു നൂനപക്ഷമെങ്കിലും രാത്രികാലങ്ങളില്‍ സ്ത്രീകളെ കണ്ടാല്‍ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടു വരുന്ന അവസ്ഥയാണുള്ളത്. ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ പൊലീസിന് കൊടുക്കുകയും അവര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്'- എന്നും മന്ത്രി കെ കെ ശൈലജ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ മുന്‍പ് വിശദീകരിച്ചിരുന്നു.
ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമോ ആയിട്ടാണു സ്ത്രീകൾ രാത്രി നടത്തം തുടങ്ങിയത്. പിന്നീട്, അതൊരു വലിയ കൂട്ടായ്‌മയും ആഘോഷവുമായി എല്ലാ കേന്ദ്രങ്ങളിലും മാറുകയായിരുന്നു. ഡിസംബര്‍ 29ന് ശേഷം അറിയിക്കാതെ 100 നഗരങ്ങളില്‍ വോളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ ആഴ്‌ച തോറും രാത്രി നടത്തം സംഘടിപ്പിക്കുമെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam