
ആലപ്പുഴ : എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കൊച്ചിയിലെ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ. പാലാരിവട്ടത്തെ 'ഓറിയോൺ എഡ്യു വിങ്ങ് ' സ്ഥാപനത്തിന്റെ ഉടമ സജു എസ് ശശിധരനെ രാത്രിയാണ് അന്വേഷണസംഘം പിടികൂടിയത്. പാലാരിവട്ടത്തെ വീടിന് സമീപത്ത് നിന്ന് പ്രതിയെ പൊക്കിയത്. ബി.കോം ഡിഗ്രി ഉൾപ്പെടെ അഞ്ച് രേഖകൾ ഇയാൾ വ്യാജമായി ഉണ്ടാക്കിയെന്ന് പൊലീസ് അറിയിച്ചു. മാർക്ക് ലിസ്റ്റ്, ടി സി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയാണ് ഇയാൾ വ്യാജമായി നിർമ്മിച്ചത്.
പാലാരിവട്ടത്തെ ഇയാളുടെ സ്ഥാപനം 2022 ൽ പൂട്ടിയിരുന്നു. മാൾട്ടയിൽ ജോലിക്കായി വീസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെടുത്ത കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ പോലീസിന്റെ പിടിയിലായതോടെയാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനം നിലച്ചത്. തട്ടിപ്പിനിരയായ അങ്കമാലി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി. എട്ട് പേരിൽ നിന്ന് വിസക്കായി പണം വാങ്ങിയതിന് എറണാകുളം നോർത്ത് പൊലീസിലും ഇയാൾക്കെതിരെ കേസുണ്ട്.
നിഖിൽ തോമസിന് വ്യാജ ഡിഗ്രിക്കായി രണ്ടാം പ്രതി അബിൻ സി രാജ് ആദ്യം സമീപിച്ചത് ഓറിയോണിൻ്റെ തിരുവനന്തപുരം ശാഖയിലായിരുന്നു. കൊവിഡ് കാലത്ത് ഈ ശാഖ പൂട്ടിയതോടെ ശ്രമം നടന്നില്ല. തുടർന്നാണ് ഓറിയോണിൻ്റെ കൊച്ചി ശാഖയിലെത്തിയത്. നിഖിലിൻ്റെ എം കോം പ്രവേശനമായിരുന്നില്ല മുഖ്യ ലക്ഷ്യം. വിദ്യാർത്ഥി അല്ലാതായാൽ എസ് എഫ് ഐ യിലെ ഭാരവാഹിത്വം നഷ്ടപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് ബികോം ഡിഗ്രി വാജമായി ഉണ്ടാക്കിയതെന്നാണ് വിവരം. അതേ സമയം കേസിലെ ഒന്നാം പ്രതി നിഖിൽ തോമസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടാംപ്രതി അബിൻ സി രാജിന് വേണ്ടി അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam