
ആലപ്പുഴ: കായംകുളം എംഎസ്എം കോളേജ് വിദ്യാർത്ഥി നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് എസ്എഫ്ഐ മുൻ ഏരിയാ നേതാവ് അബിൻ സി രാജും പ്രതിയാകുമെന്ന് ഡിവൈഎസ്പി. സർട്ടിഫിക്കറ്റിനായി സ്വകാര്യ ഏജൻസിക്ക് നൽകിയ പണം അബിന്റേതാണെന്നും അബിൻ സി രാജിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. ഇന്ന് കസ്റ്റഡിയിൽ ഹാജരാക്കിയാൽ നിഖിലിന്റെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടും.
പൊലീസിനോട് നിഖിൽ തോമസ് എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ കായംകുളം എസ്എഫ്ഐ മുൻ ഏരിയാ നേതാവായ അബിൻ സി രാജാണെന്നും ഇദ്ദേഹം ഇപ്പോഴുള്ളത് മാലിദ്വീപിലാണെന്നും ഇയാൾ പറഞ്ഞു. കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും ഏജൻസിയെ പരിചയപ്പെടുത്തിയത് അബിൻ സി രാജാണെന്നും മൊഴി നൽകിയ നിഖിൽ, ബിരുദ സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപയാണ് ചെലവിട്ടതെന്നും പറഞ്ഞിരുന്നു.
വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കായംകുളം എംഎസ്എം കോളേജിന് വീഴ്ച സംഭവിച്ചെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഇന്ന് പറഞ്ഞിരുന്നു. വ്യാജ സർട്ടിഫിക്കറ്റാണെന്നത് അധ്യാപകർ തിരിച്ചറിയേണ്ടതായിരുന്നു. അവിടെ പഠിച്ച വിദ്യാർത്ഥിയാണ് നിഖിൽ തോമസ്. എന്നാൽ നിഖിൽ തോമസിന്റെ തുല്യത സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കേരള സർവ്വകലാശാലയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ല. സർവകലാശാല സർട്ടിഫിക്കറ്റുകളല്ല പരിശോധിക്കുന്നത്. കോഴ്സിന്റെ വിഷയങ്ങൾ മാത്രമാണെന്നും ബിന്ദു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam