
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹമെന്ന് മുൻ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ കുടുംബം. ഞങ്ങളുടെ പാര്‍ട്ടി യുഡിഎഫാണ്. ഞങ്ങൾ മരണം വരെ പാർട്ടിക്കൊപ്പമായിരിക്കുമെന്നാണ് വി വി പ്രകാശിന്റെ ഭാര്യ സ്മിതയും മകൾ നന്ദനയും ഇന്ന് പ്രതികരിച്ചത്. യുഡിഎഫ് സ്ഥാനാർഥി കാണാൻ വരാത്തതിൽ തങ്ങൾക്ക് പരാതിയില്ല. സ്ഥാനാർത്ഥി വന്നില്ലെങ്കിലും തങ്ങളുടെ വോട്ട് ലഭിക്കുമെന്ന യുഡിഎഫ് നേതൃത്വത്തിന്റെ വിശ്വാസമാണത്. ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും ഇരുവരും പ്രതികരിച്ചു. എടക്കരയിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി വി പ്രകാശിന്റെ ഭാര്യ സ്മിതയും മകൾ നന്ദനയും.
ഇത് വൈകാരികമായ ദിനമെന്നാണ് വി വി പ്രകാശിന്‍റെ മകള്‍ നന്ദന മാധ്യമങ്ങളോട് പ്രതികരിച്ചത്. അച്ഛനില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പ് ദിനത്തില്‍ അച്ഛനെയാണ് ഏറ്റവും ഓര്‍മിക്കുന്നതെന്നും നന്ദന പറഞ്ഞു. ‘ഞങ്ങളുടെ പാർട്ടി കോൺഗ്രസാണ്. മരണം വരെ കോൺഗ്രസിനൊപ്പമായിരിക്കും. ഇന്ന് വൈകാരികമായ ദിനമാണ്. അച്ഛൻ മരിച്ചത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മൂന്ന് ദിവസം മുൻപാണ്. ഈ തെരഞ്ഞെടുപ്പ് ദിനത്തില്‍ അച്ഛനെയാണ് ഏറ്റവും കൂടുതൽ ഓർക്കുന്നത്’– വി വി പ്രകാശിന്‍റെ മകൾ നന്ദന പറഞ്ഞു. കറുപ്പ് വസ്ത്രത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കറുപ്പ് ധൈര്യത്തിന്‍റെ പ്രതീകമല്ലേ എന്നായിരുന്നു നന്ദനയുടെ മറുപടി.
വിവി പ്രകാശിന്റെ കുടുംബത്തിൻ്റെ വോട്ട് വൈകിയതും ആർഎസ്എസ് ബന്ധ വിവാദവുമാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിൽ നിന്ന് ഉയർന്ന വിഷയങ്ങള്‍. അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ കുടുംബം സ്ഥാനാർത്ഥിയോടുള്ള പ്രതിഷേധം കാരണം വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുന്നു എന്നായിരുന്നു സിപിഎമ്മിന്റെ വിമർശനം. എന്നാൽ വൈകിട്ട് മൂന്ന് മണിക്ക് ശേഷം പ്രകാശിന്റെ ഭാര്യയും മകളും എടക്കരയിലെത്തി വോട്ട് ചെയ്തു. കാലത്ത് മുതൽ ഇവർ വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ആക്ഷേപം സിപിഎം നേതാക്കൾ സൈബർ ലോകത്തും പുറത്തും ഉന്നയിച്ചത് ഫലിച്ചില്ല.