
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്. നിലമ്പൂരുകാരൻ ആണെങ്കിൽ എന്തിനാണ് സ്വരാജിന് ഇത്ര വലിയ ലോഞ്ചിംഗ് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദിച്ചു. പ്രളയമടക്കം നിലമ്പൂരുകാർ ബുദ്ധിമുട്ടിയപ്പോൾ ഒന്നും സ്വരാജിനെ കണ്ടിട്ടില്ല. അന്നെല്ലാം ആര്യാടൻ ഷൗക്കത്ത് ഇവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
തനിക്കെതിരായ ട്രോളുകൾക്കും രാഹുൽ മറുപടി നൽകി. സിപിഎം സ്ഥാനാർഥിയെ തീരുമാനിക്കാനും മാത്രം വലിപ്പം തനിക്കുണ്ടായി എന്ന് അറിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി മത്സരിക്കുന്നതോടെ തോറ്റു കഴിഞ്ഞാൽ ഇനി സിപിഎമ്മിന് ന്യായീകരണം ഒന്നും പറയാനില്ലാത്ത സ്ഥിതി വരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.
നേരത്തെ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ സ്വരാജിനെതിരെ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി എം സ്വരാജ് രംഗത്തെത്തിയിരുന്നു. യുഡിഎഫിൽ ഉള്ള നേതാക്കൾ വരെ ഞാൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നായിരുന്നു സ്വരാജിൻ്റെ മറുപടി. മത്സരിക്കാൻ കൊള്ളാത്തവൻ ആണെന്ന അഭിപ്രായം അവർക്കില്ലല്ലോ. അവരുടെ കൂടെ അഭ്യർത്ഥന മാനിച്ചാണ് മത്സരം. അവരുടെ കൂടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും സ്വരാജ് പ്രതികരിച്ചു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ധൈര്യമുണ്ടെങ്കിൽ എം സ്വരാജിനെ മത്സരിപ്പിക്കണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വെല്ലുവിളി. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി. സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യണം. പാർട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് ആവശപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നിൽക്കുന്ന സ്വരാജിന്റെ ആറ്റിറ്റ്യൂടിലും, ഒരു ബലിയാടിനെ തപ്പുന്ന പാർട്ടിയുടെ അന്വേഷണത്തിലും പരാജയ ഭീതി കാണാമെന്നും രാഹുൽ പറഞ്ഞു. മത്സരിക്കാൻ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കുമെന്നും രാഹുൽ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം