
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ആര്യാടൻ ഷൗക്കത്തിന്‍റെ പേരിനാണ് മുൻതൂക്കം. ഒരാളുടെ പേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. സംസ്ഥാന നേതാക്കളുടെ ചർച്ചകളിൽ ഷൗക്കത്തിന്‍റെ പേരിനാണ് മുൻതൂക്കം. സാമുദായിക പരിഗണനവെച്ചുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്.
ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട സണ്ണി ജോസഫ് പ്രസിഡന്‍റായതോടെ ഇനി ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ ആ വിഭാഗത്തിന്‍റെ എതിർപ്പുണ്ടാകില്ലെന്നാണ് കരുതുന്നത്. വി എസ് ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തെരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.
നിലമ്പൂരിലേക്കുള്ള സ്ഥാനാർത്ഥിയെ സിപിഎം ചൊവ്വാഴ്ച പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും. പൊതു സ്വതന്ത്രനെന്ന പരിഗണനക്ക് തന്നെയാണ് നിലവിൽ മുൻതൂക്കം. ആര്യാടൻ മുഹമ്മദിനെതിരെ രണ്ടുതവണ മത്സരിച്ച പ്രൊഫസർ തോമസ് മാത്യു, മുൻ ഇന്ത്യൻ ഫുട്ബോൾ താരം യൂ ഷറഫലി എന്നിവരടക്കമുള്ള പേരുകൾ പാർട്ടിയുടെ പരിഗണനയിലുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ആരെന്ന് കൂടി കണക്കിലെടുത്താകും തീരുമാനം.
അതേസമയം, നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്തണമെന്നതിൽ ബിജെപിയിൽ രണ്ട് അഭിപ്രായമാണ്. കേരളത്തിലെ എൻഡിയെ നേതാക്കളുമായും,ബിജെപി ദേശീയ നേതൃത്വവുമായും ആലോചിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഇന്നലെ ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിൽ മത്സരിക്കേണ്ടന്ന തീരുമാനമാണ് ബഹുഭൂരിപക്ഷവും മുന്നോട്ടുവെച്ചത്. ഇത് രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പല്ല, അടിച്ചേൽപ്പിച്ച തെരെഞ്ഞെടുപ്പാണെന്നാണ് പാർട്ടി കരുതുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധകൊടുത്ത് മുന്നോട്ട് പോകണമെന്നാണ് അഭിപ്രായം. അതേസമയം, നിലമ്പൂരിൽ മത്സരിച്ചില്ലെങ്കിൽ ബിജെപിയുടെ വോട്ടുകൾ ആർക്ക് എന്ന ചോദ്യം സംസ്ഥാന നേതൃത്വം നേരിടേണ്ടി വരും. രാജീവ് ചന്ദ്രശേഖർ പുതിയ അധ്യക്ഷനായി വന്നതിന് ശേഷമുള്ള തെരഞ്ഞെടുപ്പ് അദ്ദേഹത്തിനും വെല്ലുവിളിയാണ്. മത്സരിച്ചില്ലെങ്കിൽ വോട്ടുകച്ചവടം എന്ന ആക്ഷേപം യുഡിഎഫും എൽഡിഎഫും പരസ്പരം ഉന്നയിക്കാൻ സാധ്യതയുണ്ട്. അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്നിറങ്ങും. ജൂൺ രണ്ട് വരെ നാമനിദേശ പത്രികകൾ സമർപ്പിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam