
മലപ്പുറം: പിവി അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിച്ചാൽ ഉടൻ അസോസിയേറ്റ് അംഗത്വം നൽകാൻ മുന്നണി യോഗത്തിൽ തീരുമാനം. ഓൺലൈനായി ചേർന്ന യോഗത്തിൽ യുഡിഎഫ് നേതാക്കളിലാരും അൻവറിനെതിരെ കടുത്ത നിലപാട് എടുത്തില്ല. എന്നാൽ ഉറച്ച നിലപാട് അൻവറുമായി ബന്ധപ്പെട്ട വിഷയത്തിലെടുത്ത പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വിഡി സതീശനെ യോഗത്തിൽ ഘടകകക്ഷികൾ അഭിനന്ദിച്ചു.
തൃണമൂൽ കോൺഗ്രസിനെ നേരിട്ട് മുന്നണിയിലെടുക്കാനാവില്ലെന്ന് കോൺഗ്രസ് യോഗത്തിൽ നിലപാടെടുത്തു. ഇതിന് എഐസിസി നേതൃത്വത്തിൻ്റെ അനുമതി വേണമെന്നാണ് നിലപാട്. എങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയെ പിവി അൻവർ അംഗീകരിച്ചാൽ ഇതുവരെ ഉന്നയിച്ച വിമർശനങ്ങൾ കണക്കിലെടുക്കാതെ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാമെന്ന് യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചു.
യുഡിഎഫ് യോഗത്തിന് ശേഷം മുന്നണി കൺവീനർ അടൂർ പ്രകാശ് മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെ - 'അൻവറിൻ്റെ ആവശ്യങ്ങൾ ചർച്ച ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയെ മോശക്കാരനാക്കി സംസാരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. യുഡിഎഫ് സ്ഥാനാർത്ഥിയെ എഐസിസി നേതൃത്വം അംഗീകരിച്ചതാണ്. ആരെ നിർത്തിയാലും പിന്തുണക്കുമെന്നാണ് അൻവർ നേരത്തെ വ്യക്തമാക്കിയത്. അതിന് ശേഷമാണ് സ്ഥാനാർത്ഥിയെ പാർട്ടി നിശ്ചയിച്ചത്. അത് പ്രകാരമാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയത്. അതിന് ശേഷം അൻവർ നടത്തിയ വിമർശനം പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്താൽ അവരെ യുഡിഎഫിൻ്റെ അസോസിയേറ്റഡ് അംഗമായി മുന്നണിയിലെടുക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചു. ഫോണിൽ പിവി അൻവറുമായി സംസാരിച്ചു. അദ്ദേഹം അനുകൂലമായി തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയുള്ള ദിവസങ്ങൾ നിർണായകമാണ്.'
എന്നാൽ യുഡിഎഫുമായി ചർച്ച തുടരുകയാണെന്നും അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നുമാണ് അൻവർ വ്യക്തമാക്കുന്നത്. നാളെ രാവിലെ വാർത്താ സമ്മേളനം വിളിക്കുമെന്നും പിവി അൻവർ പറഞ്ഞു.
<