
കാസര്‍കോട്: കാസര്‍കോട് നീലേശ്വരത്ത് അഞ്ചൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്‍റെ ഞെട്ടലിലാണ് പരിക്കേറ്റവും ദൃക്സാക്ഷികളും. അപ്രതീക്ഷിതമായ അപകടമാണ് ഉണ്ടായതെന്നും വെടിക്കെട്ട് അല്ല നടന്നതെന്നും വിഷുവിനൊക്കെ പൊട്ടിക്കുന്നപോലെ കുറച്ച് പടക്കങ്ങള്‍ മാത്രമാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്നും തെയ്യത്തിനിടെ പൊട്ടിക്കുന്നതിനായാണ് ഇത് കൊണ്ടുവന്നതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
കൈയ്ക്കും കാലിനുമാണ് പരിക്കേറ്റതെന്നും മാലപടക്കം പൊട്ടുന്നതിനിടെ തീപ്പൊരി വീണ് പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് വലിയ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നുവെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനി പറഞ്ഞു. മാലപടക്കം പൊട്ടിക്കുന്നതിന്‍റെ സമീപമായിരുന്നു പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. വലിയ പൊട്ടിത്തെറിയുണ്ടായതോടെ എല്ലാരും കൂടി പായുന്നതിനിടെ മുകളിലേക്ക് വീണു. പിന്നീട് ചേച്ചി തന്നെ എടുത്ത് ഓടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. രണ്ട് ചേച്ചിമാരും അനിയത്തിയുമാണ് കൂടെയുണ്ടായിരുന്നതെന്നും ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനി പറഞ്ഞു.
പടക്കം പൊട്ടിയപ്പോള്‍ അതിന്‍റെ തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് കരുതുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എല്ലാരും കൂടി ഓടുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. 1500ലധികം പേര്‍ സ്ഥലത്തുണ്ടായിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അപകടം നടന്നപ്പോള്‍ സംഭവത്തെ ഗൗരവമായി കണ്ടില്ലെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു.
പൊട്ടിത്തെറിയുണ്ടായിട്ടും അവിടെ തെയ്യവും ചെണ്ടമേളവും നടക്കുന്നുണ്ടായിരുന്നു. പിന്നീട് പുറത്ത് നിന്ന് അനൗണ്‍സ്്മെന്‍റ് നടത്തിയശേഷമാണ് ക്ഷേത്രം ഭാരവാഹികള്‍ സംഭവത്തെ ഗൗരവമായി കണ്ടതെന്നും അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും ദൃക്സാക്ഷികള്‍ ആരോപിച്ചു. അപ്രതീക്ഷിത സംഭവമാണ് ഉണ്ടായതെന്നും വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും പ്രദേശവാസി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഇന്ന് തെയ്യത്തിന്‍റെ ഭാഗമായി നടക്കേണ്ട എല്ലാ ചടങ്ങുകളും നിര്‍ത്തിവെച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam