
കോഴിക്കോട്: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ പ്രതിസന്ധിയായി യമനിലെ ഒരു വിഭാഗത്തിന്‍റെ പ്രചാരണം. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യമനിൽ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ടെന്നാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ അറിയിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വധശിക്ഷ നടപ്പാക്കാൻ ആവശ്യപ്പെട്ടുള്ള പ്രചാരണം. ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും മധ്യസ്ഥ സംഘം അറിയിക്കുന്നത്.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കലുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തിൽ അഭിപ്രായ ഐക്യമായില്ലെന്നും അവർ അറിയിച്ചു. ഇനിയും ചർച്ച വേണ്ടിവരുമെന്ന് പ്രതിനിധികൾ പറഞ്ഞു. ചർച്ചകൾ ചിലപ്പോൾ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു. ശിക്ഷ നീട്ടിവെച്ചതിനാൽ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.
ഇതിനിടെ, യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധി പകർപ്പ് ആധികാരികം തന്നെയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചു. വിധി പകർപ്പിന്‍റെ ആധികാരികതയിൽ ആർക്കും സംശയം വേണ്ടെന്നും ഉത്തരവ് സനായിലെ കോടതിയുടെത് തന്നെയാണെന്നും ഓഫീസ് അറിയിച്ചു. വിധി പകർപ്പിന്‍റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതിനെതിരെയാണ് കാന്തപുരത്തിന്‍റെ ഓഫീസ് രംഗത്തെത്തിയത്.
കാന്തപുരത്തിന്റെ വാട്ടർ മാർക്ക് പതിപ്പിച്ചതാണ് ചിലർ വിവാദം ആക്കുന്നത്. കാന്തപുരം ഒന്നും ചെയ്തില്ലെന്ന പ്രചാരണം വന്നപ്പോഴാണ് വാട്ടർമാർക്ക് ഇടാൻ തീരുമാനിച്ചത്. വാട്ടർ മാർക്ക് ഇല്ലാതെ പുറത്തുവിട്ടാൽ മറ്റുള്ളവർ അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.
ഇതിനിടെ, നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം പരസ്യപ്രതികരണം ഒഴിവാക്കി. യെമനിൽ ഇത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കും. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡൻറ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നാണ് സൂചന. തലാലിന്‍റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമം ഇന്നും തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam