
കണ്ണൂർ: കണ്ണൂരിൽ ഹോം ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാൻ നോക്കിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിലേക്ക് പോകുകയായിരുന്നു 'ബ്രീസ്' എന്ന ബസാണ് പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തത്.സംഭവത്തിന്‍റെ ദൃശ്യങ്ങൾ കേരള പൊലീസ് പങ്കുവച്ചു. 'മോൻ ഹാപ്പി അല്ലേ' എന്ന അടിക്കുറിപ്പ് നൽകിയാണ് ഫേസ് ബുക്കിൽ വീഡിയോ ഷെയർ ചെയ്തത്.
വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി പോകുമ്പോൾ അതിനെയെല്ലാം മറികടന്ന് എതിർദിശയിലാണ് ബ്രീസ് എന്ന ബസ് കയറി വന്നത്. ബസ് വരുന്നത് ഹോം ഗാർഡ് രാജേഷ് കാണുകയും കൈ കാണിക്കുകയും ചെയ്തു. ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇത് പരിഗണിക്കാതെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ബസ് കയറിവരുകയായിരുന്നു. രാജേഷിന്‍റെ തൊട്ടടുത്തു കൂടെയാണ് ബസ് പോയത്. തലനാരിഴയ്ക്കാണ് രാജേഷ് രക്ഷപ്പെട്ടത്.
നിരവധി പേർ ബസിനെതിരെ നടപടിയെടുത്തതിന് പൊലീസിനെ അഭിനന്ദിച്ചു. നിങ്ങൾ ഹാപ്പി അല്ലേ എന്ന പൊലീസിന്റെ ചോദ്യത്തിന് നിരവധി പേർ ഹാപ്പിയാണെന്ന് മറുപടി നൽകി. കമന്‍റുകൾ കൂമ്പാരമായതോടെ കമന്റ് ബോക്സിൽ മൊത്തം എത്ര “ഹാപ്പി“ ഉണ്ടെന്ന് കൃത്യം പറയുന്നവർക്ക് പ്രത്യേക സമ്മാനം എന്നായി കേരള പൊലീസിന്‍റെ കമന്‍റ്.
അതേസമയം കഴിഞ്ഞ ദിവസം ഇറങ്ങുന്നതിനു മുമ്പ് മുന്നോട്ടെടുത്ത ബസ്സിൽ നിന്നും വീണ് യുവതിക്ക് പരിക്കേറ്റ സംഭവവുമുണ്ടായി. ഗുരുവായൂർ ചൊവ്വല്ലൂർപടി സ്വദേശിനിയായ 22 വയസ്സുള്ള യുവതിക്കാണ് പരിക്കേറ്റത്. കുന്നംകുളം ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. പെരുമ്പിലാവിൽ യൂണിവേഴ്സിറ്റി പരീക്ഷ എഴുതി മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഗുരുവായൂർ - കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ആദിദേവ് ലിമിറ്റഡ് എന്ന ബസ്സിൽ നിന്നാണ് യുവതി വീണത്. പരിക്കേറ്റ യുവതിയെ നാട്ടുകാർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരിക്കേറ്റ് എല്ലുകൾ ഒടിഞ്ഞ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. യുവതി കുന്നംകുളം പൊലീസിൽ പരാതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam