നിമിഷ പ്രിയയുടെ മോചനം; ഇതുവരെ സംഭവിച്ചതെന്ത്? ഇനിയും കടമ്പകളേറെ, തലാലിന്‍റെ കുടുംബത്തിൽ അഭിപ്രായ ഐക്യമില്ലാത്തത് തിരിച്ചടി

Published : Jul 16, 2025, 10:27 AM IST
nimisha priya

Synopsis

ചർച്ചകൾ ചിലപ്പോൾ നീണ്ടേക്കാമെന്നാണ് മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിക്കുന്നത്. ശിക്ഷ നീട്ടിവെച്ചതിനാൽ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്

കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരും. ദിയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമതീരുമാനത്തിൽ എത്തലാണ് അടുത്തഘട്ടം. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വഴി നടത്തിയ ചര്‍ച്ചകള്‍ നിമിഷ വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. 

അതേസമയം, ഇടപെടലുകള്‍ക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ പ്രതികരണവും പുറത്തുവന്നു. മാപ്പ് നൽകില്ലെന്നും ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാൽ, വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തിൽ അഭിപ്രായ ഐക്യമായില്ലെന്നും ഇനിയും ചര്‍ച്ചകള്‍ വേണ്ടിവരുമെന്നുമാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ ഏറ്റവും ഒടുവിലായി അറിയിച്ചിരിക്കുന്നത്.

 ചർച്ചകൾ ചിലപ്പോൾ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു. ശിക്ഷ നീട്ടിവെച്ചതിനാൽ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയം പരസ്യ പ്രതികരണം ഒഴിവാക്കി. യെമനിൽ ഇത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

ഇതിനിടെ, നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള തീരുമാനത്തിൽ ഇടപെട്ട് കൂടുതൽ പേര്‍ രംഗത്തെത്തുകയാണ്. കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി. നിമിഷ പ്രിയയുടെ മോചനവും വധശിക്ഷ നീട്ടിവെക്കലുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും അവകാശവാദങ്ങളും ചര്‍ച്ചകളും തുടരുകയാണ്.

നിമിഷ പ്രിയയുടെ മോചനശ്രമത്തിൽ ഇതുവരെ നടന്നത്

  • 2017 ജൂലൈ 25നാണ് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദിയെ നിമിഷ പ്രിയ കൊലപ്പെടുത്തിയത്
  • പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ പ്രിയയുടെ മൊഴി
  • 2018ലാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത്
  • വധശിക്ഷക്കെതിരായ അപ്പീൽ 2022ൽ തള്ളി
  • 2024ൽ വധശിക്ഷ യെമനിലെ പരമോന്നത കോടതി ശരിവെച്ചു. ഇതോടെ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകുകയെന്നത് മാത്രമായി മുന്നിലുള്ള വഴി
  • മധ്യസ്ഥ തുക സംബന്ധിച്ച ആശയക്കുഴപ്പവും അത് സ്വീകരിക്കുന്നത് സംബന്ധിച്ച കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തിൽ തീരുമാനമാകാത്തതും ചര്‍ച്ചകള്‍ വഴിമുട്ടുന്നതിന് കാരണമായി
  • 2024 ഏപ്രിലിൽ യെമനിലെത്തിയ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് നിമിഷ പ്രിയയെ കാണാൻ അനുമതി ലഭിച്ചു
  • 2024 ഡിസംബര്‍ അവസാനത്തിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്‍റ് അനുമതി നൽകി.
  • സാമൂഹിക പ്രവര്‍ത്തകൻ സാമുവൽ ജെറോമിനൊപ്പം നിമിഷ പ്രിയയുടെ അമ്മ യെമനിലെത്തി മോചനത്തിനായുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്‍റ് ഒപ്പിട്ടതായുള്ള വിവരം പുറത്തുവന്നത്.
  • മോചനത്തിൽ പോസിറ്റീവായ ചില സൂചനകളുണ്ടെന്ന് യെമനിൽ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന സാമുഹിക പ്രവര്‍ത്തകൻ സാമുവൽ ജെറോം
  • മാനിഷുക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറെന്ന് ഇറാൻ അറിയിച്ചു. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്
  • നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കാൻ യെമൻ ജയിൽ അധികൃതര്‍ തീരുമാനിച്ചു
  • വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി ജൂലൈ ഒമ്പതിന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു
  • അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കെ രാധാകൃഷ്ണൻ എംപി പ്രധാനമന്ത്രിക്ക് കത്ത് നൽകി
  • യെമൻ പൗരൻറെ കുടുംബം ദയാധനം സ്വീകരിക്കാൻ തയ്യാറായാകാത്തത് പ്രതിസന്ധി
  • വധശിക്ഷ ഒഴിവാക്കാൻ ഊര്‍ജിത ശ്രമം തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍
  • ജൂലൈ പത്തിന് കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ഹർജി നൽകി
  • രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ മാണി
  • ഗവർണറെ കണ്ട് ചാണ്ടി ഉമ്മൻ എംഎൽഎ, മോചനത്തിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗവർണർ
  • യെമൻ കുടുംബം ദയാധനം ആവശ്യപ്പെട്ടിട്ടില്ല, വേണമെന്ന് പറ‍ഞ്ഞാൽ നൽകാൻ തയ്യാറെന്ന് നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസ്
  • യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയിൽ വക്കാലത്ത് ഫയൽ ചെയ്തു.
  • ജൂലൈ 13ന് ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്
  • നിർണായക ഇടപെടലുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി. കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരനുമായും കാന്തപുരം സംസാരിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎയും വിഷയത്തിൽ കാന്തപുരത്തിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു
  • വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി, കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം
  • കൂടുതൽ ചർച്ച നടത്തി കാന്തപുരം, നോർത്ത് യമനിൽ അടിയന്തിര യോഗം, തലാലിന്റെ സഹോദരനും യോ​ഗത്തിൽ
  • വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം
  • വത്തിക്കാന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഗ്ലോബൽ ആക്ഷൻ കൗൺസിൽ വൈസ് ചെയർപേഴ്സൻ അഡ്വ. ദീപ ജോസഫ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് നിവേദനം നൽകി
  • ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്‍റെ കുടുംബം, ചർച്ച നാളെയും തുടരുമെന്ന് പ്രതിനിധി സംഘം
  • വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചർച്ചകൾ, സ്ഥിതി ഏറെ സങ്കീർണ്ണമെന്ന് കേന്ദ്രം
  • കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് കാന്തപുരത്തിന്‍റെ ഓഫീസ്
  • ഗവർണർ ഇടപെടുന്നു, വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു
  • വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചുവെന്ന വിവരം പുറത്തുവന്നു.
  • നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം: സ്ഥിരീകരിച്ച് കേന്ദ്രം
  • നിമിഷ പ്രിയക്കായി കാന്തപുരമുള്‍പ്പെടെ നടത്തുന്ന ഇടപെടലുകൾക്ക് പൂർണ പിന്തുണ, കേന്ദ്ര ഇടപെടൽ നയതന്ത്ര തലത്തിലെന്ന് അനിൽ ആന്റണി
  • നിമിഷപ്രിയയുടെ ശിക്ഷ നീട്ടിയ നടപടിയിൽ സർക്കാർ ഇടപെട്ടു, മനുഷ്യത്വ നിലപാടാണ് സ്വീകരിച്ചതെന്നും എംവി ​ഗോവിന്ദൻ
  • ഔദ്യോഗിക വിധിപകർപ്പ് പുറത്തുവിട്ട് വിശദാംശങ്ങൾ പങ്കുവച്ച് കാന്തപുരം
  • ഇടപെട്ടത് മനുഷ്യനെന്ന നിലയിലെന്ന് കാന്തപുരം
  • കാന്തപുരം തന്‍റെ, ദീർഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടൽ പുതിയ പ്രതീക്ഷ നൽകുന്നതാണെന്ന് ശശി തരൂർ
  • ആശ്വാസവാർത്തയ്ക്ക് കാരണം കൂട്ടായ പരിശ്രമം, ശുഭവാർത്ത ഇനിയും വരുമെന്ന് ഗവര്‍ണര്‍
  • നിമിഷയുടെ ശിക്ഷ നീട്ടിവച്ചതിലേക്ക് നയിച്ചത് കാന്തപുരത്തിന്‍റെ മുൻകൈയും ഇടപെടലുമെന്ന് മുഖ്യമന്ത്രി
  • നിമിഷ പ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ അവസാന ആ​ഗ്രഹമായിരുന്നെന്ന് ചാണ്ടി ഉമ്മൻ
  • യെമനിൽനിന്ന് പ്രതീക്ഷ പകരുന്ന വാർത്ത, കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ തുടരുമെന്ന് രാജീവ് ചന്ദ്രശേഖർ
  • ചർച്ചകൾ തുടരും, വിഷയത്തിൽ ഇടപെട്ടുവെന്ന് അവകാശപ്പെട്ട് കൂടുതൽ പേർ രംഗത്ത്
  • യെമനിൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കും, പരസ്യപ്രതികരണം ഒഴിവാക്കി വിദേശകാര്യമന്ത്രാലയം
  • വിധി പകർപ്പ് ആധികാരികം തന്നെ, ഉത്തരവ് സനായിലെ കോടതിയുടേതെന്ന് കാന്തപുരത്തിന്‍റെ ഓഫീസ്
  • 'നിമിഷ പ്രിയക്ക് മാപ്പ് ഇല്ല', ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ, അനുനയ ചർച്ചകൾ തുടരും

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്